ഗോല്‍പാറ (അസം) : സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ട് വന്ന പ്രധാന അധ്യാപികയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസമിലെ ഗോല്‍പാറ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായ ദാലിമ നെസക്കെതിരെയാണ് നടപടി. വിദ്യാലയത്തിലെ തന്നെ ജീവനക്കാരാണ് പരാതിക്കാര്‍.
മെയ് 14 നാണ് സംഭവം. ഉച്ചഭക്ഷണത്തിനായി അധ്യാപിക പാകം ചെയ്‌ത ബീഫ് കൊണ്ട് വരികയായിരുന്നു. ലഖിംപൂർ ഏരിയയിലെ ഹുർകാച്ചുംഗി മിഡിൽ ഇംഗ്ലീഷ് സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി പ്രസിഡന്റാണ് പ്രധാന അധ്യാപികയ്‌ക്കെതിരെ പരാതി നൽകിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് മൃണാൾ ദേക അറിയിച്ചു.
സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം അധ്യാപികയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത്), 295 എ (ഏതെങ്കിലും മത വിഭാഗത്തെ അവഹേളിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍) എന്നീ വകുപ്പുകളാണ് അധ്യാപികയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്ന് അധിതൃതര്‍ വ്യക്തമാക്കി. അസമില്‍ ഗോമാംസം കഴിക്കുന്നത് നിലവില്‍ നിയമ വിരുദ്ധമല്ല.
എന്നാല്‍ 2021 ല്‍ നടപ്പിലാക്കിയ കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും സിഖുകാരും കൂടുതലുള്ള പ്രദേശങ്ങളില്‍ മാംസം വില്‍ക്കുന്നതിന് നിരോധനമുണ്ട്. ഈ വിഭാഗത്തിലുള്ള ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലോ, ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലോ മാത്രമാണ് മാംസവില്‍പ്പനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.