എണറാകുളം: ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നേരിടുന്ന ജഗ്ഗു സ്വാമിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇടക്കാല സംരംക്ഷണം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് ജഗ്ഗു സ്വാമിയുടെ സഹപ്രവര്‍ത്തകരായ മൂന്നു പേരും മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി, ഹര്‍ജിക്കാരെ പൊലീസ് ഇതുവരെ പ്രതികളാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ചു.
തുടര്‍ന്ന് ഡിസംബർ അഞ്ചിന് കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റിൽ നിന്ന് ഇവർക്ക് ഇടക്കാല സംരക്ഷണം അനുവദിക്കുകയായിരുന്നു. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 160 പ്രകാരം തെലങ്കാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെ ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജഗ്ഗു സ്വാമിയുടെ സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെലങ്കാനയിലെ ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ ഗൂഢാലോചനയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് മൂവരും ഹർജിയിൽ പറഞ്ഞു.
നാല് ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ മുതിർന്ന ബിജെപി നേതാവ് ബി എൽ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും കൊച്ചിയിലെ ഡോ. ജഗ്ഗു സ്വാമിയും അന്വേഷണം നേരിടുകയാണ്. ഒക്‌ടോബർ 26ന് ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡി ഉൾപ്പെടെ നാല് നിയമസഭാംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ടിആർഎസ് വിട്ട് അടുത്ത തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ 100 കോടി രൂപ വാഗ്‌ദാനം ചെയ്‌തു എന്നായിരുന്നു രോഹിത് റെഡിയുടെ പരാതി.
കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്താണ് ജഗ്ഗു സ്വാമി. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷന്‍ താമരക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചു. നേരത്തെ, കേസ് അന്വേഷിക്കുന്ന തെലങ്കാന പൊലീസിന്‍റെ പ്രത്യേക സംഘം തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗു സ്വാമിക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍ ഇവര്‍ ഹാജരായില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരെ തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.