മുംബൈ: കൊവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ വൻതോതിൽ കോവാക്‌സിൻ ഉൽപ്പാദിപ്പിക്കാനൊരുങ്ങി ഹാഫ്‌കൈൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്ബിപിസിഎൽ). 'മിഷൻ കൊവിഡ് സൂരക്ഷ'യുടെ കീഴിൽ കോവാക്സിൻ ഉത്പാദിപ്പിക്കാൻ ബയോടെക്നോളജി വകുപ്പ് എച്ച്ബിപിസിഎലിന് അനുമതി നൽകി. സംസ്ഥാന സർക്കാർ സ്ഥാപനമായ എച്ച്ബിപിസിഎല്ലിന് പ്രതിവർഷം 22 കോടി ഡോസ് കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്ന് എച്ച്ബിപിസിഎൽ മാനേജിങ് ഡയറക്ടർ സന്ദീപ് റാത്തോഡ് പറഞ്ഞു.
ഐസിഎംആറുമായി സഹകരിച്ച് ഭരത് ബയോടെകാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക്കിൽ നിന്നുള്ള വാക്സിൻ കൈമാറ്റത്തിന്‍റെ ഔപചാരിക പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വാക്സിനുകൾ നിർമിക്കുന്നതിനായി ബയോ സേഫ്റ്റി ലാബ് (ബിഎസ്‌എൽ) സ്ഥാപിക്കുകയാണെന്നും ഏകദേശം എട്ട് മാസം കൊണ്ട് ഇത് പൂർത്തിയാകുമെന്നും റാത്തോഡ് കൂട്ടിച്ചേർത്തു. വാക്സിൻ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞാൽ പ്രതിമാസം 2 കോടി ഡോസുകൾ വരെ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കും.
ആ വേഗതയിൽ ഒരു വർഷത്തിൽ 11 മാസം പ്രവർത്തിക്കുമ്പോൾ ഏകദേശം 22.8 കോടി ഡോസുകൾ ഉത്പാദിപ്പിക്കാൻ കഴിയും. ഈ മാനദണ്ഡങ്ങൾക്കനുസരിച്ച് കോവാക്സിൻ ഉൽപാദനത്തിനായി ഒരു ബിഎസ്‌എൽ -3 കാറ്റഗറി പ്രൊഡക്ഷൻ യൂണിറ്റ് ആവശ്യമാണ്. അത്തരമൊരു ലാബ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എച്ച്ബിപിസിഎൽ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വാക്സിൻ ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും പദ്ധതിക്ക് 65 കോടി രൂപ അനുവദിച്ചതായും സംസ്ഥാന സർക്കാർ 93 കോടിയിലധികം രൂപ ഈ സൗകര്യത്തിനായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സ്‌പുട്നിക് ലൈറ്റ് വിതരണം ചെയ്യാൻ സാധ്യത