നുഹ് (ഹരിയാന) : ഹരിയാനയിലെ നുഹില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ജില്ല ഭരണകൂടം. നല്‍ഹോര്‍ റോഡ് മേഖലയില്‍ ഇന്ന് (ഓഗസ്റ്റ് 05) രാവിലെയാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ആറ് പേര്‍ കെല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ല ഭരണകൂടത്തിന്‍റെ നടപടി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (Manohar Lal Khattar) നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫിസര്‍ അശ്വനി കുമാർ പറഞ്ഞു.
പൊളിക്കല്‍ നടപടികള്‍ക്ക് വേണ്ടി ജില്ല ഭരണകൂടത്തിന്‍റെ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം ഇന്ന് രാവിലെ ആയിരുന്നു എസ് എച്ച് കെ എം സര്‍ക്കാര്‍ മെഡിക്കൽ കോളജിന് അടുത്തായുള്ള മാര്‍ക്കറ്റ് ഏരിയയില്‍ എത്തിയത്. പ്രദേശത്തേക്ക് എത്തിയ സംഘം ഒന്നിലധികം മണ്ണ് മാന്തി യന്ത്രങ്ങളുടെയും മറ്റ് തൊഴിലാളികളുടെയും സഹായത്തോടെ ആയിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്കായി വന്‍ പൊലീസ് സന്നാഹവും സ്ഥലത്തേക്ക് എത്തിയിരുന്നു.
അനധികൃതമായി നിര്‍മിച്ചിരുന്ന 45ല്‍ അധികം വാണിജ്യ സ്ഥാപനങ്ങളാണ് നുഹ് ടൗണില്‍ ഉണ്ടായിരുന്നതെന്നും ഇവയെല്ലാമാണ് പൊളിച്ച് നീക്കിയതെന്നും നുഹ് ജില്ല ടൗണ്‍ പ്ലാനര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രണ്ടര ഏക്കറിലാണ് മേഖലയില്‍ കയ്യേറ്റം നടന്നിട്ടുള്ളത്. ഇവിടെയെല്ലാം തന്നെ അനധികൃതമായി കെട്ടിടങ്ങളും നിര്‍മിച്ചിരുന്നു. ഇവയില്‍ ചില കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നുഹ് ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 141 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഹരിയാന പൊലീസ് പറഞ്ഞിരുന്നു. 55 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 31) ആയിരുന്നു കേസിനാസ്‌പദമായ സംഭവങ്ങള്‍ ഹരിയാനയിലുണ്ടായത്.
ഒരു മതഘോഷയാത്രയ്‌ക്കിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ആക്രമണം ഉണ്ടാകുകയായിരുന്നു. ഈ സംഭവത്തില്‍ രണ്ട് പൊലീസ് ഹോംഗാര്‍ഡുകള്‍ ഉള്‍പ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ, നുഹിന്‍റെ സമീപ പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 27 എഫ്‌ഐആറുകളാണ് ഗുരുഗ്രാമില്‍ രജിസ്റ്റര്‍ ചെയ്‌തത്. പിന്നാലെ 38 പേരെ അറസ്റ്റ് ചെയ്യുകയും 60 പേരെ പ്രതിരോധ തടങ്കലിലാക്കുകയും ചെയ്‌തിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് ആഭ്യന്തരമന്ത്രി അനില്‍ വിജിന്‍റെ ആരോപണം. കുറ്റവാളികളെ വെറുതെ വിടില്ലെന്നും അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More : Haryana violence | നുഹ് അക്രമം; 55 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌ത് പൊലീസ്, 141 പേർ അറസ്റ്റിൽ