ചണ്ഡിഗഢ്: ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കണമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാല. ഇത് സംബന്ധിച്ച് ദുശ്യന്ത് ചൗതാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മൂന്നോ നാലോ ക്യാബിനറ്റ് മന്ത്രിമാർ കർഷകരുമായി ചർച്ച നടത്തണമെന്നാണ് ഏപ്രിൽ 15ന് എഴുതിയ കത്തിലെ ആവശ്യം. കൊവിഡ് വ്യാപിക്കുമ്പോഴും വലിയൊരു കൂട്ടം കർഷകർ ഡൽഹി-ഹരിയാന അതിർത്തിയിൽ കുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഹരിയാന ആഭ്യന്തരമന്ത്രി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് 2020 നവംബര്‍ 28 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചത്. പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ഇടനിലക്കാരിൽ നിന്ന് മോചിപ്പിക്കുമെന്നും വിളകൾ വിൽക്കാൻ കൂടുതൽ അവസരങ്ങൾ നൽകുമെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വാദം. എന്നാൽ പുതിയ നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാണെന്നും താങ്ങുവില സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നുമാണ് പ്രതിഷേധിക്കുന്ന കർഷകർ ആവർത്തിച്ച് പറയുന്നത്.