ചണ്ഡിഗഡ്: കൊവിഡ് മൂലം താളം തെറ്റിയ സാമ്പത്തിക രംഗത്തെ കരകയറ്റാൻ 1,100 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. സാമ്പത്തിക പരിമിതികൾ നേരിടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി 600 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചു. ഇതിന് കീഴിൽ 12 ലക്ഷം കുടുംബങ്ങൾക്ക് അയ്യായിരം രൂപ വീതം ധനസഹായം നൽകും.
ചെറുകിട കടയുടമകൾക്ക് 150 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 600 ഇ-ട്രാക്‌ടറുകൾ വാങ്ങുന്നതിനായി കർഷകർക്ക് 25 ശതമാനം കിഴിവ് നൽകും. ഇതിനുപുറമെ, കൊവിഡ് മുന്നണിപ്പോരാളികളായ ആശാ വർക്കർമാർ, ദേശീയ ആരോഗ്യ മിഷനിലെ ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾക്ക് ഖട്ടാർ 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ 600 ദിവസം പൂർത്തിയായതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി പാക്കേജുകൾ പ്രഖ്യാപിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ 18നും 50നും ഇടയിൽ പ്രായമുള്ളയാൾ കൊവിഡ് ബാധിച്ച് മരിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Also Read: കൊവിഡ് മൂന്നാം തരംഗം; കുട്ടികളെ ബാധിക്കില്ലെന്ന് പഠനം
46 കുടുംബങ്ങൾക്ക് ഈ തുക നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചുകൊണ്ട് പദ്ധതിയുടെ ആനുകൂല്യം വ്യാപിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ജൂൺ 30 വരെ സംസ്ഥാനത്ത് വൈദ്യുതി സർച്ചാർജ് ഒഴിവാക്കിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ശരാശരി വൈദ്യുതി ബിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരി ബില്ലിനേക്കാൾ 50 ശതമാനം കുറവാണെങ്കിൽ 10,000 രൂപ നിശ്ചിത ചാർജ് 100 ശതമാനം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 10,000 മുതൽ 40,000 രൂപ വരെ സ്ഥിര ചാർജ് ഉള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ ഇളവും 40,000 രൂപയിൽ കൂടുതൽ നിശ്ചിത ചാർജുള്ള ബില്ലുകളിൽ 25 ശതമാനം ഇളവും ലഭിക്കും.
2021-22ന്‍റെ ആദ്യ പാദത്തിൽ മുഴുവൻ സ്വത്ത്നികുതിയും ഒഴിവാക്കാൻ തീരുമാനിച്ചതായും ഖട്ടാർ പറഞ്ഞു. ഇതോടെ 150 കോടി രൂപയുടെ സാമ്പത്തിക ഭാരം നഗര തദ്ദേശ സ്വയംഭരണ വകുപ്പ് വഹിക്കും. 2021-22 ന്‍റെ ആദ്യ പാദത്തിൽ മോട്ടോർ വാഹന നികുതി ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമൂലം 72 കോടി രൂപയുടെ സാമ്പത്തിക ഭാരം സംസ്ഥാനവും വഹിക്കും.