ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിൽ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. പാർട്ടിയുടെ ഉത്തരാഖണ്ഡ് ചുമതലയുള്ള ദേവേന്ദ്ര യാദവ്, ഹരീഷ് യാദവ്, സിഎൽപി പ്രീതം സിങ്, പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, എംപി പ്രദീപ് തംത, കോൺഗ്രസ് നേതാവ് യശ്പാൽ ആര്യ എന്നിവരുൾപ്പെടെയുള്ള സംഘം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ബുധനാഴ്‌ച ഹരീഷ് റാവത്ത് ട്വിറ്ററിൽ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്‍റെ സമുദ്രത്തില്‍ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന തന്നെ അവഗണിക്കുകയാണ്. ഇത് വിചിത്രമല്ലേ. നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തില്‍ അധികാരമുള്ളവര്‍ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകള്‍ എന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണെന്ന് ഇപ്പോള്‍ തനിക്ക് തോന്നുകയാണെന്നാണ് എന്നായിരുന്നു ഹരീഷ് റാവത്ത് ട്വിറ്ററില്‍ കുറിച്ചത്.
പ്രചാരണ സമിതി തലവൻ എന്ന നിലയിൽ താൻ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും എല്ലാവരും പരമാവധി സഹകരണം നൽകണമെന്നും യോഗത്തിന് ശേഷം ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഹരീഷ് റാവത്ത് പ്രചാരണ സമിതി തലവൻ ആണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റാവത്തിനെ മുഖ്യമന്ത്രിയായി ചിത്രീകരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. പാർട്ടി അധികാരത്തിൽ വരികയാണെങ്കിൽ സിഎൽപി യോഗം ചേർന്ന് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ അന്തിമ തീരുമാനമെടുക്കുമെന്നും പാർട്ടി അറിയിച്ചു.
പാർട്ടി ഹൈക്കമാൻഡ് നിർദേശിച്ചതുപോലെ തെരഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കാനാണ് തീരുമാനം. തനിക്ക് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും പാർട്ടി അത് പരിഹരിക്കും. പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാനും ശാന്തത പാലിക്കാനും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഹരീഷ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: രാജ്യത്ത് 400 കടന്ന് ഒമിക്രോണ്‍ കേസുകള്‍; സ്ഥിരീകരിച്ചത് 17 സംസ്ഥാനങ്ങളില്‍