ന്യൂഡല്‍ഹി : ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരും. ചൊവ്വാഴ്‌ച (ജൂൺ രണ്ടിന്) താന്‍ ബിജെപിയില്‍ ചേരുമെന്ന് ഹാര്‍ദിക് അറിയിച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായിരുന്ന ഹാര്‍ദിക് ജൂണ്‍ രണ്ടിന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. മെയ് 18 നാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചയുടന്‍ തന്നെ ഹാര്‍ദിക് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് പട്ടേലിന്‍റെ ബിജെപിയിലേക്കുള്ള ചേക്കേറല്‍. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2019ല്‍ കോൺഗ്രസിലെത്തിയ തനിക്ക് കോൺഗ്രസ് ഒരു പരിഗണനയും നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഹാർദിക് പാർട്ടി വിട്ടത്.
അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്‍റെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പട്ടേല്‍ സമുദായ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക്കിന്‍റെ നേതൃത്വത്തില്‍ നടന്ന സംവരണ പ്രക്ഷോഭം വലിയ ശ്രദ്ധ നേടിയിരുന്നു. അതേസമയം ബിജെപിയില്‍ ചേരുമെന്ന വാർത്തകളോട് ഇനിയും ഹാർദിക്കിനോട് അടുപ്പമുള്ളവർ പ്രതികരിച്ചിട്ടില്ല. ആംആദ്‌മി പാർട്ടിയില്‍ ചേരാൻ ക്ഷണമുണ്ടായിട്ടും ഹാർദിക് ബിജെപിയോട് താല്‍പര്യം പ്രകടിപ്പിക്കുന്നതായാണ് വാർത്തകൾ പുറത്തുവന്നത്.
also read: കോൺഗ്രസിനെ വിമര്‍ശിച്ചും ബി.ജെ.പിയെ അഭിനന്ദിച്ചും ഹാര്‍ദിക് പട്ടേല്‍ ; താമരയണിയുമോ ?