കൈമൂര്‍ (ബിഹാര്‍) : കൈമൂറിലെ ധര്‍മേന്ദ്ര കുമാര്‍ ചില്ലറക്കാരനല്ല. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം. അടുത്തിടെ ബൈക്ക് തോളില്‍ കയറ്റി 100 മീറ്റര്‍ ഓടി റെക്കോര്‍ഡ് നേടിയിരുന്നു. റെക്കോര്‍ഡെന്ന് പറഞ്ഞാല്‍ ചെറുതൊന്നുമല്ല. ലോക റെക്കോര്‍ഡ് തന്നെയാണ് ധര്‍മേന്ദ്ര കുമാര്‍ കരസ്ഥമാക്കിയത്.
ഇപ്പോള്‍ വീണ്ടുമൊരു ലോക റെക്കോര്‍ഡ് നേട്ടത്തിലാണ് ധര്‍മേന്ദ്ര. 165 കിലോഗ്രാം ഭാരം തന്‍റെ പല്ലുകൊണ്ട് കടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് കൈമൂറിലെ ഈ ഹാമര്‍ ഹെഡ്‌മാന്‍. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ഈ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ധര്‍മേന്ദ്രയുടെ പേരിലുള്ള ലോക റെക്കോര്‍ഡുകളുടെ എണ്ണം ഒമ്പതായി.
ബംഗാളില്‍ നിന്നെത്തിയ ഒരു സംഘം തന്നെ 165 കിലോ ഭാരം ഉയര്‍ത്തുന്നതില്‍ വെല്ലുവിളിച്ചതായും അത് സ്വീകരിച്ച് അത്രയും ഭാരം പല്ലുകൊണ്ട് ഉയര്‍ത്തിയതായും ധര്‍മേന്ദ്ര കുമാര്‍ പ്രതികരിച്ചു. 'റെക്കോര്‍ഡുകളെല്ലാം നാട്ടുകാര്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അനുഗ്രഹീതനാണ്. അതുകൊണ്ടാണ് ഇത്രയും റെക്കോര്‍ഡുകള്‍ നേടാന്‍ സാധിച്ചത്. ഇനിയും അനുഗ്രഹിക്കപ്പെട്ടാല്‍ ഭാവിയിലും പുതിയ റെക്കോര്‍ഡുകള്‍ നേടും' - ധര്‍മേന്ദ്ര കുമാര്‍ പ്രതികരിച്ചു.
ബിഹാറിലെ കൈമൂർ ജില്ലയിലെ രാംഗഡ് നിവാസിയാണ് ധർമേന്ദ്ര കുമാര്‍. ത്രിപുര സ്റ്റേറ്റ് റൈഫിൾസിൽ ജവാനാണ്. ധർമേന്ദ്രയ്ക്ക് പ്രത്യേകം ഓഫിസർ തസ്‌തിക നൽകിയിട്ടുണ്ട്. വിസ്‌മയിപ്പിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചാണ് അദ്ദേഹം ഗിന്നസ് ബുക്കിൽ പേര് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ 'ഹാമർ ഹെഡ്‌മാൻ' എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര മത്സരത്തിൽ തല കൊണ്ട് തേങ്ങ ഉടച്ചും കമ്പി കടിച്ച് വളച്ചും, തലയില്‍ അടിച്ച് വളച്ചും, പുറത്ത് അടിച്ച് വളച്ചും തോളില്‍ ബൈക്ക് ചുമന്ന് ഓടിയും ഭാരം കടിച്ച് ഉയര്‍ത്തിയും ധര്‍മേന്ദ്ര റെക്കോര്‍ഡുകള്‍ നേടിക്കഴിഞ്ഞു. തന്‍റെ അസാധാരണ കഴിവുകൊണ്ട് ഏറെ ആരാധകരുള്ള വ്യക്തിത്വം കൂടിയാണ് ധര്‍മേന്ദ്ര.