ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി ചെയ്തിരുന്നെങ്കില്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ ചങ്കിടിപ്പ് നേരിടേണ്ട സ്ഥിതി വരില്ലായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം വിദേശ സഹായങ്ങളില്‍ സുതാര്യത വരുത്തണമെന്നും, കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കണമെന്നും രാഹുല്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ്, റഷ്യ, ഫ്രാൻസ്, ജർമ്മനി, യുകെ, അയർലൻഡ്, ബെൽജിയം, റൊമാനിയ, സിംഗപ്പൂർ, സ്വീഡൻ, കുവൈത്ത് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ധാരാളം വൈദ്യസഹായങ്ങൾ ലഭിച്ചിരുന്നു.
Also Read: വിദേശ സഹായ വിവരങ്ങളിൽ സുതാര്യതയില്ല: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. കഴിഞ്ഞ ദിവസം 4,03,738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,26,62,575 ആയി ഉയർന്നു. 3,53,818 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 1,86,71,222 ആയി. 3,754 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ ജീവഹാനിയുണ്ടായവരുടെ എണ്ണം 2,46,116 ആയി വർധിച്ചു. നിലവിൽ 37,45,237 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,01,76,603 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം 4,092 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 3,86,444 പേർ രോഗമുക്തി നേടുകയും ചെയ്‌തിരുന്നു.