അംബാല: ഹരിയാന സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഘട്ടംഘട്ടമായി അൺ-ലോക്കിന്‍റെ ഭാഗമായി രാവിലെ ആറ് മുതൽ രാത്രി എട്ട് വരെ 50 ശതമാനം ശേഷിയിൽ ജിമ്മുകൾ വീണ്ടും തുറന്നു.
"ഇത് സർക്കാരിന്‍റെ നല്ല തീരുമാനമാണ്. ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിമ്മുകൾ വീണ്ടും തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ജിമ്മുകൾ പ്രവർത്തിക്കുന്നത്", ജിം പരിശീലകർ പറഞ്ഞു.
ഹരിയാന സർക്കാർ ജൂൺ 21ന് പുലർച്ചെ അഞ്ച് മണി വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു. എന്നാൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിന്‍റെ ഗണ്യമായ കുറവും പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണവും കണക്കിലെടുത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ശേഷിയിൽ ജിമ്മുകൾ തുറക്കാമെന്നാണ് വിജ്ഞാപനത്തിൽ നിർദേശം. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്താനുമതി. സ്പാ, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് പ്രവത്തനാനുമതി ഇല്ല.
Read More: ജൂൺ 21 വരെ ലോക്ക് ഡൗൺ നീട്ടി ഹരിയാന സർക്കാർ
എല്ലാ ഉത്‌പാദന യൂണിറ്റുകൾക്കും വ്യാവസായ സ്ഥാപനങ്ങൾക്കും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്താനുമതി നൽകിയിട്ടുണ്ട്. കായിക പ്രവർത്തനങ്ങൾക്കായി സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാനും അനുവദിച്ചിട്ടുണ്ട്. കാണികളെ അനുവദിക്കില്ല.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലൈബ്രറികളും പരിശീലന സ്ഥാപനങ്ങളും കൂടുതൽ ഉത്തരവുകൾ വരും വരെ അടച്ചിടൽ തുടരും.