വാരാണസി : കാശി വിശ്വനാഥ ക്ഷേത്രം - ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ അഡ്വക്കറ്റ് കമ്മീഷണറായ അജയ് മിശ്രയെ വാരാണസി കോടതി പുറത്താക്കി. രഹസ്യമായി നടത്തിയ സര്‍വേയില്‍ വിവരങ്ങള്‍ ചോര്‍ന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി മിനിട്ടുകള്‍ക്കകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Also Read: ഗ്യാന്‍വാപി മസ്‌ജിദ് സർവേ: ശിവലിഗം കണ്ടെത്തിയെന്ന് അവകാശവാദം, സ്ഥലം സീല്‍ ചെയ്യാൻ കോടതി നിർദ്ദേശം
മിശ്ര ഉള്‍പ്പെട്ട സംഘമാണ് കഴിഞ്ഞ ദിവസം നടന്ന വീഡിയോ സര്‍വേയില്‍ പങ്കെടുത്തത്. ഇതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്ന് കോടതിയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കോടതി അഡ്വക്കറ്റ് കമ്മീഷണറായ മിശ്രയെ സംഘത്തില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തതും കോടതി നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നുമാണ് മറുപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി രണ്ട് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.