അമരാവതി: മാർഗദർശി ചിട്ടി ഫണ്ടിന്‍റെ 1,050 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സിഐഡി നൽകിയ ഹർജികൾ തള്ളി ഗുണ്ടൂർ പ്രിൻസിപ്പൽ ജില്ല ജഡ്‌ജി. കാലാവധി പൂർത്തിയാകുമ്പോൾ വരിക്കാർക്ക് പണം നൽകുന്നതിൽ മാർഗദർശി ചിട്ടി ഫണ്ട് പരാജയപ്പെട്ടുവെന്ന് തെളിയിക്കാൻ സിഐഡിക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആന്ധ്രാപ്രദേശ് സിഐഡി എഡിജിപി സമർപ്പിച്ച ഹർജികൾ കോടതി തള്ളിയത്. മാർഗദർശി ചിട്ടി ഫണ്ടിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആന്ധ്രപ്രദേശ് സർക്കാർ മെയ്, ജൂൺ, ജൂലൈ മാസത്തില്‍ പുറത്തിറക്കിയ മൂന്ന് ഉത്തരവുകളാണ് ഗുണ്ടൂർ പ്രിൻസിപ്പൽ ജില്ല ജഡ്ജി വൈ.വി.എസ്.ബി.ജി പാർത്ഥസാരഥി തള്ളിയത്.
മാർഗദർശി ചിട്ടി ഫണ്ടിന്‍റെ ഒരു വരിക്കാരനും പണം നൽകാത്തതിനെ കുറിച്ച് പരാതിപ്പെടാത്തതിനാൽ കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന ചോദ്യം ഉയരുന്നില്ലെന്ന് മാർഗദർശിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പോസാനി വെങ്കിടേശ്വരലുവും അഭിഭാഷകൻ പി രാജറാവുവും വാദിച്ചു.
മാർഗദർശി അഭിഭാഷകരുടെ വാദങ്ങൾ ഇങ്ങനെ: "വരിക്കാരെ സംരക്ഷിക്കാനെന്ന വ്യാജേന സർക്കാരും സിഐഡിയും ചേർന്ന് സ്വത്തുക്കൾ കണ്ടുകെട്ടാൻ തുടക്കമിട്ടിരിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ ബോധ്യപ്പെടുത്തി. മാർഗദർശിയുടെ ബിസിനസ് പ്രവർത്തനങ്ങൾ ചിട്ടി ഫണ്ട് നിയമങ്ങൾക്ക് വിധേയമാണ്. ചിട്ടികളുടെ നടത്തിപ്പിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ, അവ ചിട്ടി ഫണ്ട് നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി കൈകാര്യം ചെയ്യണമായിരുന്നു.
പകരം, ആന്ധ്രപ്രദേശ് പ്രൊട്ടക്ഷൻ ഓഫ് ഡിപ്പോസിറ്റേഴ്‌സ് ഓഫ് ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് (എപി ഡെപ്പോസിറ്റേഴ്‌സ് ആക്‌ട്-1999) നടപ്പിലാക്കാനാണ് സിഐഡി ശ്രമിക്കുന്നത്. മാർഗദർശിക്ക് നാല് സംസ്ഥാനങ്ങളിൽ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആന്ധ്രപ്രദേശ് സിഐഡിയുടെ ആരോപണങ്ങൾക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ഇടപാടുകാർക്ക് മാർഗദർശി ചിട്ടി ഫണം പണം നല്‍കിയില്ലെന്ന ആരോപണങ്ങളൊന്നും ഇല്ലാത്തതിനാൽ ആസ്തികൾ കണ്ടുകെട്ടുന്നത് വരിക്കാരുടെ ക്ഷേമത്തിന് ഹാനികരമാകും. വരിക്കാർക്ക് പണം നൽകുന്നതിൽ മാർഗദർശി പരാജയപ്പെട്ടുവെന്നും ജപ്തി ഉത്തരവുകൾ ഏകപക്ഷീയവും പ്രതികാരപരവുമാകരുതെന്നും തെളിയിക്കുന്ന ഒരു തെളിവും കോടതിയിൽ സമർപ്പിക്കാൻ സിഐഡിക്ക് കഴിഞ്ഞിട്ടില്ല. സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാരിന് അനിയന്ത്രിതമായ അധികാരമില്ലെന്നും അഭിഭാഷകർ കോടതിയില്‍ വാദിച്ചു.
വരിക്കാരുടെ താൽപര്യം സംരക്ഷിക്കാനാണ് ജപ്‌തി നടപടിയെന്ന് സിഐഡിയുടെ അഭിഭാഷകൻ വാദിച്ചു. ഇരുഭാഗവും കേട്ടശേഷം, വരിക്കാർക്ക് പണം നൽകുന്നതിൽ മാർഗദർശി പരാജയപ്പെട്ടുവെന്ന് തെളിയിക്കാൻ സിഐഡിക്ക് കഴിഞ്ഞില്ലെന്ന് ജഡ്ജി വ്യക്തമാക്കി. അതിനൊപ്പം മാർഗദർശി ചിട്ടി ഫണ്ട് സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകൾ കോടതി അസാധുവാക്കി. സിഐഡി നൽകിയ മൂന്ന് അനുബന്ധ കേസുകളും കോടതി തള്ളി.