മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഹൈസ്‌കൂളിൽ തോക്കുധാരിയുടെ ആക്രമണം. സ്‌കൂളിൽ ക്ലാസ് നടക്കുന്ന സമയത്ത് ഇയാൾ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവം നടന്നതിങ്ങനെ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഓൾഡ് മാൾഡയിലുള്ള മുച്ചിയ അഞ്ചൽ ചന്ദ്ര മോഹൻ ഹൈസ്‌കൂളിലാണ് ആക്രമണം നടന്നത്. നിറഞ്ഞ ക്ലാസ് മുറിയിലേക്ക് ബുധനാഴ്‌ച പകൽ തോക്കുധാരിയായ ഒരാൾ അതിക്രമിച്ചുകയറുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥികൾ ഇരിക്കുന്ന മുറിയിലേക്കാണ് അജ്ഞാതൻ തോക്ക് ചൂണ്ടിയെത്തിയത്.
തുടർന്ന് ഇയാൾ തോക്ക് പിടിച്ച് വിദ്യാർഥികളോട് ആക്രോശിക്കുകയും അവരെയും ക്ലാസ് ടീച്ചറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സ്‌കൂൾ അധികൃതർ സംഭവം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കീഴടക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
ഇയാളുടെ കൈയിൽ നിന്ന് ഒരു പിസ്റ്റൾ, ദ്രാവകം അടങ്ങിയ രണ്ട് കുപ്പികൾ, ഒരു കത്തി എന്നിവ പൊലീസ് പിടിച്ചെടുത്തു. തന്‍റെ മകനെയും ഭാര്യയേയും കാണാതായിട്ട് ഒരു വർഷമായി, ഇത് ശ്രദ്ധയിൽപ്പെടാൻ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്താനാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്ന് ഇയാൾ പിന്നീട് പൊലീസിന് മൊഴി നൽകി. സ്‌കൂൾ കുട്ടികളെ ബന്ദിയാക്കാൻ ശ്രമിച്ചയാളെ കീഴ്‌പ്പെടുത്തിയ കാര്യക്ഷമമായ പൊലീസ് ഇടപെടലിനെ മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചു.