അഹമ്മദാബാദ്: ഗുജറാത്തിലെ ബോട്ടാഡിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 36 ആയി. അപകടത്തിൽ 11 പേർ ഭാവ്‌നഗറിലെ സിവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭാവ്‌നഗർ, റോജിദ്, ധൻധുക എന്നീ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയായത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം.
മദ്യ ദുരന്തം അന്വേഷിക്കാൻ സർക്കാർ തീവ്രവാദ വിരുദ്ധ സേനയുടെ നേത്യത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് രാസവസ്‌തു എത്തിച്ച ജയേഷ് ഉൾപ്പടെ 14 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 460 ലിറ്റർ മെഥനോൾ ആൽക്കഹോളും പൊലീസ് പിടികൂടിയിട്ടുണ്ട്.
അസ്‌ലലിയിലെ ഒരു സ്വകാര്യ കെമിക്കൽ കമ്പനിയിലെ ഗോഡൗണിന്‍റെ ചുമതലയുള്ള ജയേഷ് ഫാക്‌ടറിയിൽ നിന്ന് 600 ലിറ്റർ മെത്തനോൾ മോഷ്‌ടിക്കുകയായിരുന്നു. ശേഷം ബർവാലയിലെ ചോക്ഡി ഗ്രാമത്തിൽ നിന്നുള്ള പിന്‍റു എന്നയാൾക്ക് 40,000 രൂപയ്‌ക്ക് ഇത് വിറ്റു. ഈ രാസവസ്‌തു ഉപയോഗിച്ച് പിന്‍റുവാണ് മദ്യം നിർമിച്ചത്.
നിർമിച്ച മദ്യം റോജിദ്, ചന്ദർവ, ദേവ്ഗ്ന തുടങ്ങിയ ഗ്രാമങ്ങളിൽ ഇയാൾ വിറ്റു. ഇതുകൂടാതെ, അഹമ്മദാബാദിലെ ഗ്രാമപ്രദേശങ്ങളിലും ഈ മദ്യം ഇയാൾ വിതരണം ചെയ്തിരുന്നു. അതേസമയം അഹമ്മദാബാദിലെ ഗ്രാമ പ്രദേശങ്ങളിൽ നടത്തിയ മദ്യ വിൽപ്പന സംബന്ധിച്ചുള്ള അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്.
READ MORE: ഗുജറാത്ത് മദ്യദുരന്തം : മരണം 28 ആയി, 19 പേര്‍ ചികിത്സയില്‍ ; നിരവധി പേര്‍ കസ്റ്റഡിയില്‍
ബർവാലയിലെ സോജിദ് ഗ്രാമത്തിൽ നടന്ന അനധികൃത മദ്യ വിൽപ്പനയെക്കുറിച്ച് ഗ്രാമ സർപഞ്ച് മാർച്ചിൽ ലോക്കൽ പൊലീസിനെ രേഖാമൂലം അപേക്ഷ നൽകി അറിയിച്ചിരുന്നുവെന്നും, പരാതിയിൻമേൽ പൊലീസ് നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് വഴിവെച്ചതെന്നും ആരോപണങ്ങളുണ്ട്. മദ്യമാഫിയയും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്.
2 വർഷത്തിനിടെ പിടിച്ചെടുത്തത് 221 കോടിയുടെ മദ്യം: മദ്യത്തിന്‍റെ ഉത്‌പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ 221 കോടി രൂപയുടെ മദ്യമാണ് പിടികൂടിയത്. രണ്ട് വർഷത്തിനിടെ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഇടപാട് നടത്തിയ കേസുകളിൽ 4046 പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് ഗുജറാത്ത് സർക്കാർ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്.