അഹമ്മദാബാദ്: ഗുജറാത്തിൽ ബുധനാഴ്‌ച പുലർച്ചെയുണ്ടായ മൂന്ന് അപകടങ്ങളില്‍ 16 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഡോദര, സൂററ്റ്, സുരേന്ദ്രനഗർ എന്നിവിടങ്ങളിലെ ദേശീയപാതകളിലാണ് അപകടങ്ങൾ ഉണ്ടായത്. വഡോദരയിലെ ദേശീയപാതയിലാണ് ഏറ്റവും വലിയ അപകടമുണ്ടായത്. ഇതിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരേന്ദ്രനഗറിൽ കാർ മരത്തിൽ ഇടിച്ച് നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വഡോദരയിലെ ക്രോസ്‌റോഡ് പാലത്തിലാണ് അപകടമുണ്ടായത്. തീര്‍ഥാടനത്തിന് ശേഷം സൂറത്തില്‍ നിന്ന് പാവഗഡിലേക്ക് പോകുകയായിരുന്നവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ട്രെയിലറുമായി കൂട്ടിയിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. സംഭവത്തില്‍ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെമ്പോ ട്രാവലറില്‍ കുടുങ്ങിയ 27 യാത്രക്കാരെയും അഗ്നിശമന സേന സംഘം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
മരിച്ചവരിൽ മൂന്ന് സ്ത്രീകളും അവരുടെ മൂന്ന് ആൺമക്കളും ഉൾപ്പെടുന്നു. 16 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ദുഖം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സുരേന്ദ്രനഗറിലെ ലക്താർ റോഡിൽ കാർ മരത്തിൽ ഇടിച്ചാണ് നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത്. മരിച്ചവരെല്ലാം ലക്താർ ഗ്രാമത്തിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഭഗുഡ മൊഗാൽധാം ക്ഷേത്രത്തിലെ പ്രാർഥനയ്‌ക്ക് ശേഷം ലക്താറിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂററ്റിലെ ബർദോളി - ദസ്താൻ ക്രോസിങ്ങിന് സമീപം രണ്ട് ടെമ്പോ ട്രാവലറുകള്‍ തമ്മിൽ കൂട്ടിയിടിച്ച് 20 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ ആറുമണിയോടെയാണ് സംഭവുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാത്രക്കാരുടെ നിലവിളി കേട്ട് ആളുകൾ അപകടസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അരവാലി ജില്ലയിലെ മൊഡാസയിലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരു യുവാവും മരിച്ചു.