അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിൽ ഇന്ന് പുലർച്ചെ മുതൽ റിക്‌ടർ സ്കെയിലിൽ 1.7 മുതൽ 3.3 വരെ തീവ്രത രേഖപ്പെടുത്തിയ 19 ഭൂചലനങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. മൺസൂൺ-ഇൻഡ്യൂസ്‌ഡ് സീസ്‌മിസിറ്റി എന്ന പ്രതിഭാസമാണുണ്ടയതെന്നാണ് അധികൃതർ പറയുന്നത്.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ ഏതാനും പ്രദേശങ്ങളിൽ രണ്ട് മൂന്ന് മാസമായി കനത്ത മഴ പെയ്യുന്നതിനാൽ ഇത് സാധാരണമാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ പോർബന്ദറിലും സമാനമായ ഭൂചലനമുണ്ടായിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ചിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.