അഹമ്മദാബാദ് : ഗുജറാത്തിലെ ബോട്ടാദിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം 28 ആയി. സംഭവത്തില്‍, 19 പേര്‍ ചികിത്സയിലാണ്. ബോട്ടാദ്, ഭാവ്നഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരുള്ളത്. ഭാവ്‌നഗർ, റോജിദ്, ധൻധുക എന്നീ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയായവര്‍.
നിരവധി പേര്‍ ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്‌ചയുണ്ടായ സംഭവത്തില്‍ നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം, അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മദ്യത്തിന്‍റെ ഉത്‌പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
'പൊലീസിന് മദ്യമാഫിയയുമായി അവിശുദ്ധ ബന്ധം': അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംസ്ഥാനത്ത് മദ്യമാഫിയയും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബി.ജെ.പി നേതാക്കൾ അതിന് 'രക്ഷാധികാരിയായി' നിന്നുകൊടുക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നിയമസഭാംഗം അമിത് ചാവ്ദ ആരോപിച്ചു. ഗുജറാത്തില്‍ വൻതോതിൽ മദ്യവിൽപന നടക്കുന്നുണ്ടെന്നും കള്ളക്കടത്തുകാരില്‍ നിന്ന് പൊലീസ് പതിവായി പ്രതിമാസം കൈക്കൂലി വാങ്ങാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
MORE READ| ഗുജറാത്തില്‍ വ്യാജ മദ്യം കഴിച്ച് എട്ടുപേര്‍ മരിച്ചു; പത്തുപേര്‍ ഗുരുതരാവസ്ഥയില്‍
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും സര്‍ക്കാരിനെ കടന്നാക്രമിച്ചു. സംസ്ഥാനത്ത് മദ്യനിരോധനം കടലാസിൽ മാത്രമൊതുങ്ങിയ ഒന്നാണ്. എ.എ.പി അധികാരത്തിലെത്തിയാൽ നിരോധനം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.