ഗാന്ധിനഗർ: പൊടിപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആദ്യ ഘട്ട വോട്ട് രേഖപ്പെടുത്താൽ ഗുജറാത്തിലെ ജനങ്ങൾ ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. കച്ചിലെയും സൗരാഷ്‌ട്രയിലെയും 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 മണ്ഡലങ്ങളുടെ വിധി ഇന്ന് രണ്ട് കോടിയിലധികം വോട്ടർമാർ തീരുമാനിക്കും. മുൻ നിര പാർട്ടികളായ ഭാരതീയ ജനത പാർട്ടിയും കോൺഗ്രസും ആം ആദ്‌മി പാർട്ടിയും കൈ - മെയ് മറന്നായിരുന്നു പ്രചാരണം.
വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 39 രാഷ്‌ട്രീയ പാർട്ടികളിലായി 718 പുരുഷൻമാരും 70 വനിതകളും ഉൾപ്പെടെ 788 പേരാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് 27 വർഷത്തെ ഭരണം നിലനിർത്താനാണ് ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നത്.
സൗരാഷ്ട്ര എന്തുകൊണ്ട്? മുന്നണികളുടെ വിധി നിർണയത്തിന് അനേകം ഘടകങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി ഗുജറാത്തിൽ ഒന്നാം ഘട്ട വിധി എഴുതുന്നത് കച്ച്, സൗരാഷ്ട്ര മേഖലയിലെയും സൗത്ത് ഗുജറാത്ത് മേഖലയിലെയും 2,39,76,760 വോട്ടർമാർ ആണ്.
ഗുജറാത്ത് രാഷ്ട്രീയത്തിൽ സൗരാഷ്ട്ര പിടിച്ചാല്‍ അധികാരം പിടിക്കാന്‍ എളുപ്പമാണെന്നാണ് വിലിയിരുത്തപ്പെടാറുള്ളത്. ഗുജറാത്തിലെ 11 ജില്ലകൾ സൗരാഷ്ട്ര പ്രദേശത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസമായി രാഷ്ട്രീയ പാർട്ടികൾ മേഖലയില്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. സൗരാഷ്ട്രയില്‍ 2017ലെ നിയമസഭയിൽ മാത്രമാണ് ബിജെപിക്ക് ചെറിയ തിരിച്ചടി നേരിടേണ്ടി വന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് പര്യടനത്തിൽ സൗരാഷ്ട്രയ്ക്ക് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കയിത്.
സൗരാഷ്ട്ര നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ് നിശബ്ദ പ്രചാരണമാണ് നടത്തുന്നത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ സൗരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ റാലികൾ നടത്തിയതെന്നതും ശ്രദ്ധേയമാണ്. 2002നും 2012നും ഇടയിൽ സൗരാഷ്ട്രയിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നത് ബിജെപി ശക്തി പ്രാപിക്കുന്നുവെന്നാണ് എന്നാൽ 2017ൽ ബിജെപിക്ക് അധികാരം നിലനിർത്താനായെങ്കിലും പാട്ടിദാർ സംവരണ പ്രസ്ഥാനവും ഗ്രാമീണ സൗരാഷ്ട്രയിലെ കർഷകരുടെ അതൃപ്തിയും കാരണം സൗരാഷ്ട്രയിൽ വൻ നഷ്ടം നേരിടേണ്ടി വരികയും കോൺഗ്രസ് കൂടുതൽ സീറ്റുകള്‍ നേടുകയും ചെയ്തു.
2017ല്‍ സൗരാഷ്ട്രയിലെ അമ്രേലി, മോർബി, ഗിർസോമനാഥ് എന്നീ മൂന്ന് ജില്ലകളിലെ എല്ലാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടപ്പോൾ ജുനഗഡ്, പോർബന്തർ ജില്ലകളില് ബിജെപിക്ക് ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ സൗരാഷ്ട്രയിലെ ആകെയുള്ള 48 സീറ്റുകളിൽ 28 സീറ്റും കോൺഗ്രസ് നേടിയപ്പോൾ ബിജെപി 19 സീറ്റുകള്‍ മാത്രമാണ് നേടിയത്.
ജംനഗർ നോർത്ത് (ജംനഗർ): ബിജെപിയുടെ റിവാബ ജഡേജയും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും കോൺഗ്രസിന്‍റെ ബിപേന്ദ്രസിങ് ജഡേജയും ആം ആദ്‌മി പാർട്ടിയുടെ കർസൻ കർമൂരും തമ്മിലുള്ള പോരാട്ടമാണ് ജംനഗർ നോർത്തിൽ നടക്കുന്നത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹിർ ജീവൻഭായ് കരുഭായ് കുംഭർവാദിയയെ പരാജയപ്പെടുത്തി സീറ്റ് നേടിയ സിറ്റിങ് എംഎൽഎ ധർമേന്ദ്രസിൻഹ് മേരുഭയെ ബിജെപി ഇത്തവണ ഒഴിവാക്കി. തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന റിവാബ ബിജെപിയിൽ നിന്ന് മത്സരിക്കുകയും ഭർതൃ സഹോദരിയും ഭർതൃ പിതാവും കോൺഗ്രസ് സ്ഥാനാർഥിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തതോടെ ഒരേ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള രാഷ്‌ട്രീയ പോരിനെ ചൊല്ലിയാണ് സീറ്റ് ശ്രദ്ധേയമായത്.
മോർബി: 130ലധികം പേരുടെ ജീവൻ അപഹരിച്ച തൂക്കുപാലം നദിയിലേക്ക് മറിഞ്ഞുവീണ ദാരുണമായ സംഭവത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് പട്ടികയിൽ രണ്ടാമത്തെ ശ്രദ്ധ കേന്ദ്രമാണ് മോർബി. കോൺഗ്രസിന്‍റെ ജയന്തിലാൽ ജെരാജ്‌ഭായ് പട്ടേലിനും ആം ആദ്‌മി പാർട്ടിയുടെ പങ്കജ് രൻസാരിയയ്‌ക്കും എതിരെ കാന്തിലാൽ അമൃതിയയെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. സിറ്റിങ് എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ ബ്രിജേഷ് മെർജയെ മാറ്റി നിർത്തിയാണ് അവസരം കാന്തിലാലിന് നൽകിയത്.
പ്രചാരണ സമയത്ത് പ്രതിപക്ഷ പാർട്ടികൾ മോർബി സംഭവത്തിലെ സർക്കാരിന്‍റെ കെടുകാര്യസ്ഥതയായി ഉയർത്തിക്കാട്ടിയിരുന്നു. എന്നാലും ചരിത്രം പരിശോധിച്ചാൽ 1995, 1998, 2002, 2007, 2012 വർഷങ്ങളിൽ ബിജെപി മോർബി അസംബ്ലി സീറ്റ് നേടിയിട്ടുണ്ട്. 2017ൽ കോൺഗ്രസിലായിരുന്ന മെർജയോട് അമൃതിയ തോറ്റിരുന്നു. എന്നാൽ മെർജ പിന്നീട് ബിജെപിയിൽ ചേരുകയും മോർബിയിൽ നിന്ന് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌തു.
ഖംബലിയ (ദേവഭൂമി ദ്വാരക): ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദൻ ഗധ്വി മത്സരിക്കുന്ന ഈ സീറ്റിൽ ബിജെപിയുടെ മുലു അയർ ബേരയും കോൺഗ്രസിന്‍റെ വിക്രം മാഡവും മത്സരിക്കുന്നതിനാൽ ഈ സീറ്റിലെ തെരഞ്ഞെടുപ്പ് ഫലം വളരെ പ്രധാനമാണ്. ബിജെപിയും എഎപിയും കോൺഗ്രസും തമ്മിൽ ഇവിടെ ത്രികോണ പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സ്ഥാനാർഥി അഹിർ വിക്രംഭായ് അർജൻഭായ് മാഡം 2017ൽ ഇവിടെ വിജയിച്ചതിനാൽ ഇത് കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായും പറയപ്പെടുന്നുണ്ട്. എന്നാൽ 2022ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി.
രാജ്‌കോട്ട് വെസ്റ്റ് (രാജ്കോട്ട്): പ്രധാനമന്ത്രി നരേന്ദ്ര മോദി 2002 ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലമാണ് രാജ്‌കോട്ട് വെസ്റ്റ്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും 2017ലെ നിയമസഭാ തരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ആം ആദ്‌മി പാർട്ടിയുടെ ദിനേശ് ജോഷിക്കും കോൺഗ്രസിന്‍റെ മൻസുഖ് ഭായിക്കും എതിരെ രണ്ട് തവണ ഡെപ്യൂട്ടി മേയറായ ദർശിത ഷായാണ് ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിപ്പിക്കുന്നത്.
ദേവഭൂമി ദ്വാരക: കഴിഞ്ഞ 32 വർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത ബിജെപി സ്ഥാനാർഥി പബുഭ മനേകിനെതിരെ കോൺഗ്രസിന്‍റെ മാലുഭായ് കണ്ടോറിയ, ആം ആദ്മി പാർട്ടി സ്ഥാനാർഥി നകം ലഖ്‌മൻഭായ് ബോഗാഭായ് എന്നിവരാണ് ദ്വാരകയിൽ മാറ്റുരക്കുന്നത്. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി വിജയിച്ച മനേക് (1990, 95, 98), പിന്നീട് കോൺഗ്രസിൽ ചേർന്ന് 2002ൽ സീറ്റ് നേടി. പിന്നീട് 2007, 2012, 2017 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചു. 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ 5,739 വോട്ടുകൾക്ക് കോൺഗ്രസിന്‍റെ അഹിർ മെർമാൻ മർഖിയെ പരാജയപ്പെടുത്തിയാണ് മനേക് സീറ്റ് നേടിയത്.
തലാല (ഗിർ സോമനാഥ്): ആം ആദ്‌മി പാർട്ടിയുടെ ദേവേന്ദ്ര സോളങ്കി, കോൺഗ്രസിന്‍റെ മാൻസിൻ ദോദിയ, ബിജെപിയുടെ ഭഗവാൻ ബരാദ് എന്നിവരാണ് തലാലയിൽ ജനവിധി തേടുന്നത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബരാദ് ഇവിടെ വിജയിച്ചിരുന്നു. തലാല ഗിർ സോമനാഥ് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ച അദ്ദേഹം ബിജെപിയിൽ ചേരുകയും അതേ സീറ്റിൽ നിന്ന് മത്സരിക്കുകയുമായിരുന്നു. അഹിർ സമുദായത്തിലെ സ്വാധീനമുള്ള നേതാവായ ബരാദ് 2007ലും 2017ലും തലാല മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
കതർഗാം (സൂറത്ത്): പാട്ടിദാർ നേതാവും എഎപിയുടെ സംസ്ഥാന അധ്യക്ഷനുമായ ഗോപാൽ ഇറ്റാലിയയെ മത്സരിപ്പിക്കുന്ന കനത്ത പോരാട്ടത്തിനാണ് ഇത്തവണ ഈ സീറ്റ് സാക്ഷ്യം വഹിക്കുന്നത്. 2015ലെ പാട്ടിദാർ ക്വോട്ട പ്രക്ഷോഭത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രജാപതി സമുദായത്തിൽപ്പെട്ട (ഒബിസി) കോൺഗ്രസ് സ്ഥാനാർഥി കപ്ലേഷ് വാരിയയെയും ബിജെപി സ്ഥാനാർത്ഥി വിനോദ്‌ഭായ് അമരീഷ്‌ഭായ് മൊർദിയയെയുമാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ നേരിടുക.
പോർബന്തർ: സിറ്റിങ് എംഎൽഎയും നാല് തവണ തോരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുമുള്ള ബാബു ബൊഖിരിയയെ വീണ്ടും ബിജെപി രംഗത്തിറക്കിയ പോർബന്തർ സീറ്റിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി അർജുൻ മോദ്‌വാഡിയ, ആം ആദ്‌മി പാർട്ടിയുടെ ജീവൻ ജുൻഗി എന്നിവരോടാണ് അദ്ദേഹം മത്സരിക്കുന്നത്. 1995, 1998, 2012, 2017 വർഷങ്ങളിൽ ബൊഖിരിയ സീറ്റ് നേടിയിരുന്നു. 2002ലും 2007ലും ബൊഖിരിയയെ മുൻ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അർജുൻ മോധ്‌വാദിയ പരാജയപ്പെടുത്തി. ഇരുവരും ഇത്തവണയും മുഖാമുഖമാണ് മത്സരിക്കുന്നത്.
കുടിയാന (പോർബന്തർ): അന്തരിച്ച ഡോൺ സന്തോക്‌ബെൻ സർമാൻഭായ് ജഡേജയുടെ മകൻ കന്ദൽഭായ് ജഡേജ സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന സീറ്റാണ് കുടിയാന. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻസിപി ടിക്കറ്റിൽ വിജയിച്ച അദ്ദേഹം, ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് അടുത്തിടെ പാർട്ടി വിട്ടു. ബിജെപിയുടെ ദേലിബെൻ ഒഡെദ്ര, എഎപിയുടെ ഭീമാഭായ് മക്വാന, കോൺഗ്രസിന്‍റെ നതാഭായ് ഒഡെദ്ര എന്നിവരോടാണ് അദ്ദേഹം മത്സരിക്കുന്നത്. ഗുജറാത്തില്‍ രണ്ടാംഘട്ടം ഡിസംബർ അഞ്ചിനാണ്. വോട്ടെണ്ണൽ ഡിസംബർ എട്ടിനും നടക്കും.