അഹമദാബാദ്: സര്‍വകാല റെക്കോഡുകളും മറികടന്ന് ഗുജറാത്തിന്‍റെ ഭരണം ഏഴാം തവണയും തിരികെപ്പിടിച്ച ബിജെപിയെ വീണ്ടും ഭൂപേന്ദ്ര പട്ടേല്‍ നയിക്കും. പുതിയ മന്ത്രിസഭ ഡിസംബര്‍ 11നോ 12നോ അധികാരത്തിലേറും. ഘട്‌ലോഡിയ മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും മത്സരത്തിനിറങ്ങിയ ഭൂപേന്ദ്ര പട്ടേല്‍ തൊട്ടടുത്തുള്ള സ്ഥാനാര്‍ഥിയെക്കാള്‍ 1.16 ലക്ഷത്തിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.
സിഎം സീറ്റ്: പാട്ടീദാര്‍ ഭൂരിപക്ഷമുള്ള ഘട്‌ലോഡിയ ഇതോടെ രണ്ട് മുഖ്യമന്ത്രിമാരെ വിജയിപ്പിച്ചയച്ച മണ്ഡലം കൂടിയായി. മുമ്പ് സര്‍ഖെജ് മണ്ഡലത്തിന്‍റെ ഭാഗമായ ഈ പ്രദേശം 2008ലാണ് ഘട്‌ലോഡിയയായി മാറുന്നത്. തുടര്‍ന്നുണ്ടായ 2012ലെ തെരഞ്ഞെടുപ്പില്‍ ആനന്ദിബെന്‍ പട്ടേലിനെ 1.1 ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാണ് മണ്ഡലം ബിജെപിയുടെ ഭാഗ്യമണ്ഡലങ്ങളിലൊന്നായി മാറുന്നത്. മാത്രമല്ല ആ തെരഞ്ഞെടുപ്പില്‍ ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തിന്‍റെ ആദ്യ വനിത മുഖ്യമന്ത്രിയായും മാറി.
രണ്ടാമൂഴം: പാട്ടീദാര്‍ ക്വാട്ട പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മണ്ഡലത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഭൂപേന്ദ്ര പട്ടേലിനെ 1.17 ലക്ഷത്തിന്‍റെ മിന്നും വിജയം നല്‍കി ഘട്‌ലോഡിയ വിജയിപ്പിച്ചു. ഇത്തവണ ഭൂപേന്ദ്ര പട്ടേലും ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ ഘട്‌ലോഡിയ രണ്ട് മുഖ്യമന്ത്രിമാരെ സമ്മാനിച്ച മണ്ഡലം കൂടിയായി മാറി. അതേസമയം മണ്ഡലത്തിലെ ബിജെപി മേല്‍ക്കൈ അവസാനിപ്പിക്കാന്‍ പ്രമുഖ അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ അമിബെൻ യഗ്‌നിക്കിനെയായിരുന്നു കോണ്‍ഗ്രസ് പരീക്ഷിച്ചത്.
ഉലയാത്ത 'ഘട്‌ലോഡിയ': ഭൂപേന്ദ്ര പട്ടേലിന്‍റെ കാലയളവിലെ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വീടുതോറുമുള്ള പ്രചാരണ പരിപാടികളുമായി യഗ്‌നിക്കും കോണ്‍ഗ്രസും സഞ്ചരിച്ചുവെങ്കിലും ബിജെപിയുടെ പൊന്നാപുരം കോട്ടയില്‍ ഇത് ഫലം കണ്ടില്ല. മാത്രമല്ല പാട്ടീദാര്‍ സമുദായങ്ങളെക്കൂടാതെ മണ്ഡലത്തിന്‍റെ മറ്റൊരു സ്വാധീനമായ ന്യൂനപക്ഷ സമുദായങ്ങളായ റാബറികളെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ബിജെപി ഭിന്നിപ്പും കോണ്‍ഗ്രസിന് ഫലവത്താക്കാനായില്ല.