ഗാന്ധിനഗര്‍: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് അമിത് ചാവ്ദ. നിയമസഭാകക്ഷി നേതാവ് പരേഷ് ധനനിയും രാജിവെച്ചിട്ടുണ്ട്. അതേസമയം തല്‍സ്ഥാനങ്ങളിലെക്ക് പകരക്കാരെ കണ്ടെത്തുന്നതുവരെ രണ്ടുപേരും തുടരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് ഉണ്ടായത്. പൊതു വികാരം അംഗീകരിക്കുന്നു. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ താന്‍ പരാജയമാണെന്നും ഇനിയും ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അമിത് ചാവ്ദ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം. 31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബി.ജെ.പി നേടി. ഒരിടത്ത് പോലും കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബി.ജെ.പിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി.
ആം ആദ്മി പാര്‍ട്ടിക്ക് 46 ഓളം സീറ്റുകളില്‍ ജയിക്കാനായിട്ടുണ്ട്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് ആം ആദമി പാര്‍ട്ടിക്ക് രണ്ടാമതെത്താനായിരുന്നു. ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. 2015-ല്‍ നേടിയ വാര്‍ഡുകളുടെ പകുതി പോലും കോണ്‍ഗ്രസിന് ഇത്തവണ നേടാനായിരുന്നില്ല.