വഡോദര : ഗുജറാത്തിൽ ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദമായ എക്‌സ് ഇ സ്ഥിരീകരിച്ചു. ഗുജറാത്തിലുള്ള 67 കാരനായ രോഗിയിലാണ് എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചത്. മാർച്ച് 12നാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്‌ചയ്‌ക്ക് ശേഷം ഭേദമാകുകയും ചെയ്‌തു. എന്നാൽ ജീനോം സീക്വൻസിങിന് ശേഷം രോഗിക്ക് ബാധിച്ചത് എക്‌സ് ഇ വകഭേദമാണെന്ന് കണ്ടെത്തുകയായിരുന്നു.
എന്നിരുന്നാലും എക്‌സ് ഇ വകഭേദമാണെന്ന് തെളിയിക്കാൻ വീണ്ടും ഇയാളുടെ സാമ്പിളുകൾ പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോണിനേക്കാൾ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്‌സ് ഇ. ഒമിക്രോണിന്‍റെ ബിഎ.1, ബിഎ.2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്‍റ് ഹൈബ്രിഡ് ആണ് ഈ പുതിയ വകഭേദം.
പഠനങ്ങൾ പ്രകാരം ഒമിക്രോണിന്‍റെ ബിഎ-2 വകഭേദത്തേക്കാൾ വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. നേരത്തെ മുംബൈയിലും എക്‌സ് ഇ വകഭേദം കണ്ടെത്തിയിരുന്നു. ജനുവരി 19ന് ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്.