അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നറിയിച്ച് ബിജെപി. അടുത്തമാസം ഡിസംബർ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിർത്തുമെന്നാണ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി അറിയിച്ചത്. അതേസമയം ഇത്തവണ പ്രതിപക്ഷമായ തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
സംസ്ഥാനത്തിലെ ജനങ്ങളും പുതിയ വോട്ടര്‍മാരും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും അനുഗ്രഹിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ 2017 ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളോടെ തുടര്‍ച്ചയായ ആറാം തവണയും ഭരണം പിടിച്ച ബിജെപിക്ക് പിന്നാലെ 77 സീറ്റുകളുമായി ശക്തമായ മത്സരം കാഴ്‌ച വച്ച കോണ്‍ഗ്രസും ഏറെ പ്രതീക്ഷയിലാണുള്ളത്.
തിരിച്ചു കയറാന്‍ : അതേസമയം ഗുജറാത്തിലെ പോരാട്ടം ബിജെപിയുടെ ഫാസിസ്‌റ്റ് ചിന്താഗതിയും മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പ്രത്യയശാസ്‌ത്രവും തമ്മിലാണെന്ന് കോൺഗ്രസ് വക്താവ് അലോക് ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അടുത്ത അഞ്ച് വർഷത്തേക്കുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും, അതുകൊണ്ടുതന്നെ എഎപിക്ക് ഒരു അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അറിയിച്ച് എഎപി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊറത്തിയയും രംഗത്തെത്തി.
'ബാലറ്റ്' ഒഴികെ എല്ലാം റെഡി: എന്നാല്‍ സംസ്ഥാനത്ത് സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന ഭരണകൂടം സ്വീകരിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള സർക്കാർ പരസ്യങ്ങളുടെ പോസ്‌റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുജറാത്തില്‍ ആകെയുള്ള 182 നിയമസഭ സീറ്റുകളിലെ 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്നിനും ബാക്കി 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനും നടക്കും. തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നവംബര്‍ അഞ്ചിനും പത്തിനുമിടയില്‍ യഥാക്രമം ഒന്നും രണ്ടും ഘട്ടങ്ങൾക്കായി പുറപ്പെടുവിക്കും.
ഇതുപ്രകാരം ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി യഥാക്രമം നവംബർ 14 നും നവംബർ 17 നുമായിരിക്കും. ഈ നാമനിർദ്ദേശ പത്രികകൾ നവംബർ 15, നവംബർ 18 തീയതികളിലായി സൂക്ഷ്മപരിശോധന നടത്തും. മാത്രമല്ല നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആദ്യ ഘട്ടത്തിൽ നവംബർ 17 ഉം രണ്ടാം ഘട്ടത്തില്‍ നവംബര്‍ 20 മാണ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണല്‍. ഈ തെരഞ്ഞെടുപ്പുകൾക്കൊപ്പം 2023 ൽ മറ്റ് സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകളും നടക്കും. ഇവയെല്ലാം തന്നെ 2024 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുമെന്നും തീര്‍ച്ചയാണ്.