കട്നി : വിവാഹ ഘോഷയാത്ര തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ പീഡനക്കേസിൽ വരനെ അറസ്റ്റ് ചെയ്തു. വരൻ അനുജ് ദുബെയ്ക്കെതിരെ ജബൽപൂരിലെ ലോർഡ്ഗഞ്ച് പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ കട്നിയിൽ വെള്ളിയാഴ്ചയാണ് സംഭവം.
അറസ്റ്റിലായ പ്രതി ഒരു യുവതിയെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നും തുടർന്ന് ഔദ്യോഗികമായി വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഏതാനും മാസം മുമ്പാണ് അനുജ് ദുബെയ്ക്കെതിരെ 24കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ജബൽപൂരിൽ ജോലിക്കെത്തിയ യുവതിയുമായി അനുജ് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായതോടെ യുവതിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിക്കുകയും ചെയ്തു.
ALSO READ: Video | നടുറോഡിൽ ബൈക്ക് യാത്രികനെ ചെരിപ്പൂരിയടിച്ച് യുവതി
ഇതിന് ശേഷമാണ് പ്രതി യുവതിയെ ഒരു ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കാമെന്നും ഉടൻ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാമെന്നും അനുജ് യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് പ്രതി യുവതിയെ ഒഴിവാക്കാൻ ശ്രമിക്കുകയും വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
അനുജ് മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണെന്നറിഞ്ഞ യുവതി വെള്ളിയാഴ്ച ലോർഡ്ഗഞ്ച് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ട പൊലീസ് വിവാഹ ഘോഷയാത്ര പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പ്രതിയെ പിടികൂടി നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം സംഭവമറിഞ്ഞ വധുവിന്റെ പിതാവ് വിവാഹം നിർത്തലാക്കി. ഒരു പീഡനക്കേസ് പ്രതി തന്റെ മകളെ കല്ല്യാണം കഴിക്കാത്തതിൽ സന്തോഷം മാത്രമാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.