ലേ: ശ്രീനഗര്‍-ലേ ദേശീയ പാതയ്‌ക്ക് സമീപം ആടിനെ കൊന്ന് തിന്നുന്ന ഹിമപ്പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് പ്രസിഡന്‍റ് രാഹുല്‍ കൃഷ്‌ണയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്യജീവി പ്രേമികളില്‍ ഏറെ കൗതുകമുണ്ടാക്കുന്നതാണ് അപൂര്‍വമായ ഈ കാഴ്‌ച.
'ഫെയ് ഗ്രാമത്തില്‍ ഹിമപ്പുലി ആടിനെ കൊന്ന് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ലേയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. മലയോര മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന ആടിനെയാണ് ഹിമപ്പുലി ഭക്ഷിച്ചുകൊണ്ടിരുന്നത്. ഈ അപൂര്‍വ കാഴ്‌ച ഞാന്‍ എന്‍റെ കാമറയില്‍ പകര്‍ത്തുകയായിരുന്നു', രാഹുല്‍ കൃഷ്‌ണ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ഹിമപ്പുലികള്‍ക്ക് 'പര്‍വതങ്ങളിലെ പ്രേതം' എന്നൊരു ഓമനപ്പേരു കൂടിയുണ്ട്. വെള്ളി നിറവും ചാര നിറവും ഇടകലര്‍ന്നുള്ള പുറം തോലില്‍ കറുത്ത പുള്ളികളും ഉണ്ടാകും. മഞ്ഞുമൂടിയ മലനിരകളിലും പാറക്കെട്ടുകളിലും മറഞ്ഞിരിക്കാന്‍ കഴിവുള്ള ഹിമപ്പുലികളെ ഇവയുടെ നിറം കാരണം പെട്ടെന്ന് കണാന്‍ കഴിയില്ല. അതിനാല്‍ തന്നെയാണ് ഹിമപ്പുലികളെ 'പര്‍വതങ്ങളിലെ പ്രേതം' എന്ന് വിളിക്കുന്നത്. കുത്തനെയുള്ള ചരിവുകള്‍ താണ്ടി ഇരകളെ വേട്ടയാടാന്‍ ഹിമപ്പുലികള്‍ക്ക് പ്രത്യേക കഴിവുണ്ട്.
ലഡാക്കിലെയും ടിബറ്റിലെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഹിമപ്പുലികളെ കാണപ്പെടുന്നത്. അതും അപൂര്‍വമായി. ഇവയുടെ ആവാസ വ്യവസ്ഥ പരിമിതമാണ് എന്നതിന്‍റെ തെളിവാണ് ഇത്. സ്വന്തം നിലനില്‍പ്പിനായി പോരാടുന്ന ഹിമപ്പുലികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് രാഹുല്‍ കൃഷ്‌ണ പറയുന്നത്.
ദേശീയ പാതയില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലത്തിലായാണ് ഹിമപ്പുലി ആടിനെ ഭക്ഷിച്ചുകൊണ്ടിരുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പുലി ആടിന്‍റെ തൊലി വലിച്ച് കീറുകയായിരുന്നു എന്ന് രാഹുല്‍ കൃഷ്‌ണ പറഞ്ഞു. ഇരയുടെ പകുതി മാത്രമാണ് പുലി ഭക്ഷിച്ചത്. ബാക്കി ഭാഗം കഴിക്കാനായി വീണ്ടും എത്തുമെന്നും ആ നിമിഷം ക്യാമറയില്‍ പകര്‍ത്താനുള്ള ആവേശത്തിലാണ് താനെന്നും രാഹുല്‍ പറഞ്ഞു. 'പ്രദേശത്ത് ഹിമപ്പുലിയെ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് അപൂര്‍വമായ ആ ജീവിയെ കാണാന്‍ കഴിഞ്ഞു. ആ കാഴ്‌ച എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു', രാഹുല്‍ കൃഷ്‌ണ കൂട്ടിച്ചേര്‍ത്തു.