ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ടോള്‍ പ്ലാസയില്‍ ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി മുന്‍ ഗുസ്‌തി താരവും ഡബ്ലിയു.ഡബ്ലിയു.ഇയില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനുമായ 'ദി ഗ്രേറ്റ് ഖാലി' എന്നറിയപ്പെടുന്ന ദിലീപ് റാണ. കഴിഞ്ഞ ദിവസം(12.07.2022) ടോള്‍ പ്ലാസ ജീവനക്കാരുമായി ഗ്രേറ്റ് ഖാലി തര്‍ക്കത്തിലേര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ഗ്രേറ്റ് ഖാലി ഒരു ജീവനക്കാരന്‍റെ മുഖത്തടിച്ചുവെന്നാണ് വീഡിയോയില്‍ ജീവനക്കാർ ആരോപിക്കുന്നത്.
ചൊവ്വാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ജലന്ധറില്‍ നിന്ന് ഹരിയാനയിലെ കര്‍ണാലിലേക്ക് പോകുന്നതിനിടെ പാനിപ്പത്ത്-ജലന്ധര്‍ ദേശീയപാതയിലുള്ള ടോള്‍ പ്ലാസയില്‍ വച്ച് ഫോട്ടോയെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിച്ചുവെന്നും ഇതിന് വിസമ്മതിച്ചതോടെ തന്നോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് ഗ്രേറ്റ് ഖാലിയുടെ ആരോപണം. ഗ്രേറ്റ് ഖാലി ജീവനക്കാരനെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യം വീഡിയോയില്‍ ഇല്ല.
അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: ടോൾ പ്ലാസയിലെ ജീവനക്കാര്‍ തന്നോട് മോശമായി പെരുമാറിയപ്പോള്‍ ആദ്യം താൻ അത് അവഗണിച്ചെന്നും പിന്നീട് വീഡിയോ എടുക്കാനും മോശം ഭാഷ ഉപയോഗിക്കാനും തുടങ്ങിയെന്ന് ഗ്രേറ്റ് ഖാലി പറഞ്ഞു. ഇത്തരമൊരു വീഡിയോ ബോധപൂർവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണെന്നും ഗ്രേറ്റ് ഖാലി പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിര്‍മിച്ചത് ഉള്‍പ്പെടെ വിശദമായി അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ടോൾ പ്ലാസയുടെ ലൈസൻസ് റദ്ദാക്കണമെന്നും ജീവനക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും ഗ്രേറ്റ് ഖാലി ആവശ്യപ്പെട്ടു. ഗ്രേറ്റ് ഖാലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് എസിപി സുമിത് സൂദ് പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.