പട്‌ന: ബിഹാറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റില്‍. മുസാഫര്‍പൂര്‍ ഹത്തോരി സ്വദേശിയായ അശോക് ഓജ ഭാര്യ സരോജ് ദേവി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ചയാണ് (ഡിസംബര്‍ 26) കേസിനാസ്‌പദമായ സംഭവം.
മകന്‍റെ ഭാര്യ പെണ്‍കുട്ടിയെ പ്രസവിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം നടത്തിയത്. പ്രസവത്തിന് ശേഷം രണ്ട് മാസത്തിന് ശേഷമാണ് ഇരുവരും കുഞ്ഞിനെ കൊലപ്പെടുത്തിയത്. മരുമകള്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം.
മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയെത്തി കുഴിച്ചിടുകയുമായിരുന്നു. മുറിയിലെത്തിയ മരുമകള്‍ കുഞ്ഞിനെ കാണാതായതോടെ വീട്ടിലും പരിസര പ്രദേശങ്ങളിലുമെല്ലാം തെരച്ചില്‍ നടത്തി. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്തതോടെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 24 മണിക്കൂറിന് ശേഷമാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം എസ്‌കെഎംസിഎച്ചിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മുത്തശ്ശനെയും മുത്തശ്ശിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വാകരിക്കുമെന്നും ഹാത്തോരി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അലോക് കുമാര്‍ പറഞ്ഞു.