വിജയപുര: കൊച്ചുമകന് വൃക്ക ദാനം ചെയ്‌ത് 73 കാരിയായ മുത്തശ്ശി. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നാണ് ആത്മബന്ധത്തിന്‍റെ മാധുര്യം പ്രതിഫലിക്കുന്ന ഈ വാര്‍ത്ത. വിജയപുരയിലെ യശോധ ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത്.
ബെൽഗാം ജില്ലയിലെ ഹരുഗേരി സ്വദേശിനിയായ ഉദ്ദവ്വയാണ് സ്വമേധയ, തന്‍റെ കൊച്ചുമകനായ സച്ചിന് വൃക്ക ദാനം ചെയ്‌തത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവാവ് 18 വർഷമായി ചികിത്സയിലായിരുന്നു. അടുത്തിടെ അവയവത്തിന്‍റെ സ്ഥിതി ഗുരുതരമാവുകയും ആഴ്‌ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാവേണ്ടിയും വന്നു. മാതാപിതാക്കള്‍ വൃക്ക നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും അസുഖബാധിതരായതിനാല്‍ ഇവര്‍ക്ക് ദാനം ചെയ്യാനായില്ല.
'ജീവിക്കാനുള്ള ആവേശം കൂടിയെന്ന് കൊച്ചുമകന്‍': സച്ചിന്‍റെ ദയനീയാവസ്ഥ കണ്ട് പ്രായം പോലും മറന്ന് ഉദ്ദവ്വ തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിജയപുരയിലെ യശോദ ആശുപത്രി മേധാവി ഡോ. രവീന്ദ്ര മദ്രാക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്. അവയവം സ്വീകരിച്ച സച്ചിന്‍റേയും ദാനം ചെയ്‌ത ഉദ്ദവയുടേയും ആരോഗ്യനില തൃപ്‌തികരമാണ്. ഈ ആശുപത്രിയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയാണ് ഇത്.
'ആളുകൾക്ക് വൃക്ക തകരാറിലാവുന്ന സംഭവം വര്‍ധിച്ചിരിക്കുകയാണ്. ബിപിയും പ്രമേഹവും ഉള്ളവരിലാണ് ഇത് കൂടുതല്‍ കാണുന്നത്. വിജയപുരയിലെ ചില ആശുപത്രികളിൽ അവയവ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്താറുണ്ട്. ഞങ്ങളുടെ ആശുപത്രിയില്‍ ഇത്തരത്തിലൊരു ശസ്‌ത്രക്രിയ ഇതാദ്യമാണ്'- ആശുപത്രി പ്രസിഡന്‍റും വൃക്കരോഗ വിദഗ്‌ധനുമായ ഡോ. രവീന്ദ്ര മദ്രാക്കി പറഞ്ഞു. മുത്തശ്ശി തനിക്ക് പുതിയൊരു ജീവിതം നൽകിയെന്നും ഈ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തനിക്ക് ജീവിക്കാനുള്ള ആവേശം കൂടിയെന്നും കൊച്ചുമകന്‍ സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.