ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിന്‍ നല്‍കുമ്പോള്‍ ഉയര്‍ന്ന വിലയീടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് മരുന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വിവരം. വാക്സിന്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഭാരത് ബയോടെക്കിനെയും സമീപിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന വിലയ്ക്ക് വാക്സിന്‍ വില്‍ക്കാനുള്ള സ്വകാര്യ കമ്പനികളുടെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
കൂടുതല്‍ വായനയ്ക്ക് : 95 ദിനങ്ങള്‍ , വിതരണം ചെയ്തത് 13 കോടി വാക്സിന്‍ ഡോസുകള്‍
മെയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം വാക്സിന്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാക്സിന്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നാലെയാണ് ഉയര്‍ന്ന വിലകള്‍ പ്രഖ്യാപിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രംഗത്തെത്തിയത്. ഇന്ത്യയില്‍ കൊവീഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്ന പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളില്‍ നിന്ന് 400 രൂപയും സ്വകാര്യ ആശുപത്രികളില്‍ നിന്ന് 600 രൂപയും ഒരു ഡോസിന് ഇടാക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് തങ്ങള്‍ വികസിപ്പിച്ച കൊവാക്സിന് സംസ്ഥാനങ്ങള്‍ 600 രൂപയും സ്വകാര്യ ആശുപത്രികള്‍ 1,200 രൂപയും നല്‍കണമെന്നും അറിയിച്ചു. ഇരു കമ്പനികളും പക്ഷെ കേന്ദ്ര സര്‍ക്കാരിന്‍റെ സൗജന്യ വാക്സിനേഷന്‍ ക്യാമ്പയിനിലേക്ക് 150 രൂപയ്ക്കാണ് വാക്സിന്‍ നല്‍കുന്നത്.
ദുരന്തകാലത്ത് കൊള്ളലാഭം കൊയ്യാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളവും ഡല്‍ഹിയുമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ ഹൈക്കോടതികളില്‍ വാക്സിന്‍ വില വ്യത്യാസത്തെച്ചൊല്ലി ഹര്‍ജികളും നിലനില്‍ക്കുന്നുണ്ട്.