ന്യൂഡല്‍ഹി: വാർത്ത ചാനലുകൾക്കുള്ള ടി.ആര്‍.പി പുനഃരാരംഭിക്കാന്‍ ബാർക്കിന് (ബ്രോഡ്‌കാസ്റ്റേഴ്‌സ് ഓഡിയൻസ് ആൻഡ് റിസർച്ച് കൗൺസില്‍) കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. ചില മാറ്റങ്ങളോടെയാകും വാർത്ത ചാനലുകളുടെ റേറ്റിങ്, ബാർക് നിശ്ചയിക്കുക.
റേറ്റിങ് നിശ്ചയിക്കുന്ന സമിതികളിൽ സ്വതന്ത്ര അംഗങ്ങളെ ഉൾപ്പെടുത്തും. ഇതിനായി ബാർക് ഉടന്‍ നടപടികള്‍ സ്വീകരിക്കും. മൂന്ന് മാസത്തെ വാർത്ത ചാനലുകളുടെ റേറ്റിങ് ഉടൻ പ്രസിദ്ധീകരിക്കും. പുതുക്കിയ രീതി അനുസരിച്ച്, നാലാഴ്ചത്തെ ശരാശരി റേറ്റിങ് കണക്കിലെടുത്താകും പുതിയത് പ്രസിദ്ധീകരിക്കുക.
'ടി.ആര്‍.പി' നിര്‍ത്താന്‍ കാരണം ?
2020 ഒക്ടോബറിൽ ഉയർന്നുവന്ന ടി.ആര്‍.പി വിവാദവുമായി ബന്ധപ്പെട്ടാണ് ഒരു വർഷത്തിലേറെയായി ടെലിവിഷൻ വാർത്താ റേറ്റിങുകൾ താത്ക്കാലികമായി നിർത്തിവച്ചിരുന്നത്. ചാനൽ റേറ്റിങ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ റിപ്പബ്ലിക് ടി.വി പരസ്യപ്പെടുത്തുകയും കൃത്രിമം കാട്ടുകയുമുണ്ടായി. ഇതിനെതുടര്‍ന്നാണ് ബാര്‍ക് പ്രവര്‍ത്തം താത്‌ക്കാലികമായി നിര്‍ത്തിയത്.
എന്താണ് ടി.ആര്‍.പി ?
വാർത്ത ചാനലുകൾ ഉൾപ്പെടെയുള്ള ടി.വി ചാനലുകൾ, എത്ര പേർ കാണുന്നു എന്ന് കണക്കാക്കുന്ന ഓട്ടോമേറ്റഡ് സർവേ സംവിധാനമാണ് ടി.ആര്‍.പി. ബാര്‍ക് ഏജൻസിയാണ് പ്രവർത്തനം നടത്തുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്‍റ് എന്നാണ് ടി.ആര്‍.പിയുടെ പൂര്‍ണരൂപം. രാജ്യത്തെ നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത, സെറ്റ് ടോപ്പ് ബോക്‌സുള്ള നിശ്ചിത വീടുകളെയാണ് ടി.ആര്‍.പി കണ്ടെത്താന്‍ ഉപയോഗിക്കുന്നത്.
ഈ മീറ്ററുകൾ ഉണ്ടെന്ന് വീട്ടാകാരെ അറിയിക്കാതെയാണ് സ്ഥാപിക്കുക. വീടുകളിലുള്ളവർ ഏതൊക്കെ ചാനലുകളാണ് കാണുന്നതെന്ന് മീറ്ററുകള്‍ രേഖപ്പെടുത്തും. ഇത് അടസ്ഥാനമാക്കിയാണ് ചാനലുകളുടെ റേറ്റിങ് പോയിന്‍റ് തീരുമാനിക്കുക.
ALSO READ: മലയാളി ശാസ്ത്രജ്ഞൻ എസ് സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ