ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവൻ നഷ്‌ടപ്പെട്ട 67 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അനുമതി നൽകി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. മന്ത്രാലയത്തിന്‍റെ ജേർണലിസ്റ്റ് വെൽഫെയർ സ്‌കീം (ജെഡബ്ല്യുഎസ്) പ്രകാരം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ ലഭിക്കും.
2020-21 വര്‍ഷങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തില്‍ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വമേധയ സമാഹരിച്ച് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 26 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നൽകാനുള്ള ജേർണലിസ്റ്റ് വെൽഫെയർ സ്‌കീം കമ്മിറ്റിയുടെ നിര്‍ദേശത്തിന് വ്യാഴാഴ്‌ച കേന്ദ്രസർക്കാർ അംഗീകാരം നൽകി. നേരത്തെ 2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ട 41 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകിയിരുന്നു.
Also read: കൊവിഡ് രോഗിയുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറണമെന്ന് ഡല്‍ഹി ഹൈക്കോടതി
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അമിത് ഖാരെയുടെ നേതൃത്വത്തിലുള്ള ജേർണലിസ്റ്റ് വെൽഫെയർ സ്‌കീം കമ്മിറ്റിയാണ് സാമ്പത്തിക സഹായം സംബന്ധിച്ച് തീരുമാനമെടുത്തത്. കൊവിഡിന് പുറമെ മറ്റ് കാരണങ്ങളാല്‍ ജീവന്‍ നഷ്‌ടപ്പെട്ട 11 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള അപേക്ഷയും കമ്മിറ്റി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.