ന്യൂഡല്‍ഹി: വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ക്കുള്ള ആശ്വാസമായി സബ്‌സിഡി നിരക്കില്‍ ഗോതമ്പ് പൊടി ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ദീപാവലി ഉള്‍പ്പടെ എത്തുന്ന ഉത്സവകാലത്ത് വിലക്കയറ്റം കൂടിയെത്തി ഉപഭോക്താക്കളെ വീര്‍പ്പുമുട്ടിക്കുന്നത് ഒഴിവാക്കുന്നതിനായാണ് 'ഭാരത് ആട്ട' എന്ന ബ്രാന്‍ഡില്‍ കേന്ദ്രം ഗോതമ്പ് പൊടി ലഭ്യമാക്കുന്നത്. ഇതുപ്രകാരം കിലോയ്‌ക്ക് 27.50 രൂപ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ആട്ട ലഭ്യമാകും.
നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈൽ വാനുകൾ വഴിയും രാജ്യത്തുടനീളമുള്ള 2,000 ത്തോളം ഔട്ട്‌ലെറ്റുകൾ വഴിയുമാണ് ഭാരത് ആട്ടയുടെ വില്‍പന നടക്കുക. ഇതുവഴി വിപണിയിലുള്ള നിലവിലെ വിലയായ 36.70 രൂപയില്‍ നിന്നും താഴ്‌ന്ന സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ആട്ട വാങ്ങിക്കാനാവും.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വില സ്ഥിരത ഫണ്ടിന്‍റെ ഭാഗമായി നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളുടെ ചുരുക്കം ചില ഔട്ട്‌ലെറ്റുകളിലൂടെ 18,000 ടണ്‍ ഭാരത് ആട്ട, 29.50 രൂപ നിരക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന നടത്തിയിരുന്നു. ഇത് വിജയം കണ്ടതിന് പിന്നാലെയാണ് കേന്ദ്രം ഭാരത് ആട്ടയുടെ വില്‍പനയ്‌ക്ക് ഔപചാരികമായി തുടക്കമിട്ടത്.
Also Read: റേഷൻ കടയിലെ ഗോതമ്പ് പൊടിക്ക് ബ്ലീച്ചിംഗ് പൗഡറിൻ്റെ ഗന്ധം; പരാതിയിൽ നടപടിയില്ലെന്ന് ആരോപണം
പരീക്ഷിച്ച് വിജയിച്ച മോഡല്‍: പരീക്ഷിച്ച് വിജയം കണ്ടതിന് പിന്നാലെയാണ് ഒരു ഔപചാരിക ലോഞ്ച് നടത്തണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. ഇതോടെ രാജ്യത്തിന്‍റെ എല്ലായിടത്തും 27.50 രൂപയ്‌ക്ക് ആട്ട ലഭ്യമാകും. ടെസ്‌റ്റ് റണ്ണിന്‍റെ സമയത്ത് ഏതാനും ചില ഔട്ട്‌ലെറ്റുകളിലൂടെയുള്ള ആട്ട വില്‍പന വളരെ കുറവായിരുന്നു. എന്നാല്‍ രാജ്യത്തുടനീളമുള്ള ഈ മൂന്ന് ഏജന്‍സികളിലൂടെ ഔട്ട്‌ലെറ്റുകളിലൂടെയും 800 മൊബൈല്‍ വാനുകളിലൂടെയും ഉത്‌പന്നം വില്‍ക്കുന്നതിനാല്‍ ഇത്തവണ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തിക്കൊണ്ട് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 2.5 ലക്ഷം ടൺ ഗോതമ്പ് കിലോയ്ക്ക് 21.50 രൂപ നിരക്കിൽ നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയ്ക്ക് അനുവദിക്കും. അവർ ഇത് ഗോതമ്പ് പൊടിയാക്കി മാറ്റി 'ഭാരത് ആട്ട' എന്ന ബ്രാൻഡിൽ കിലോയ്ക്ക് 27.50 രൂപയ്ക്ക് വിൽപനയ്‌ക്ക് എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് വിപണിയിലെ ആട്ടയുടെ ലഭ്യത വർധിപ്പിക്കാനുംവില നിയന്ത്രിക്കാനും സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആട്ട കൂടാതെ കടല, തക്കാളി, സവാള തുടങ്ങിയ അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കിൽ വിൽക്കാനുള്ള സർക്കാർ ഇടപെടൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാകുന്നുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈൽ വാനുകൾ വഴിയും ആട്ടയ്‌ക്കൊപ്പം കടലയും സവാളയും സബ്‌സിഡി നിരക്കില്‍ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുപ്രകാരം ചന കടല കിലോയ്‌ക്ക് 60 രൂപ നിരക്കിലും സവാള കിലോയ്‌ക്ക് 25 രൂപ നിലക്കിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.