ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ പ്രക്രിയ വർധിപ്പിക്കുന്നതിനും സുഗമമാക്കുനതിനും സാധ്യമായ എല്ലാ സ്ഥലങ്ങളും ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.
രാജ്യത്ത് 540 മെഡിക്കൽ കോളജുകളും 60 പോസ്റ്റ് ഗ്രാജുവേഷൻ മെഡിക്കൽ കോളജുകളും നിലവിൽ ഉണ്ട്. അവിടങ്ങളിലെല്ലാം വാക്സിനേഷൻ കേന്ദ്രങ്ങളാക്കുന്ന തരത്തിലുള്ള നൂതന മാർഗങ്ങൾ വാക്സിനേഷൻ പ്രക്രിയയിൽ അവലംബിക്കാവുന്നതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സീനിയർ ഉപദേഷ്ടാവ് ഡോ. സുനില ഗാർഗ് അഭിപ്രായപ്പെട്ടു.
8.83 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്. പ്രാരംഭ ഘട്ടത്തിൽ വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിൽ ആയിരുന്നെങ്കിൽ പിന്നീട് ആക്കം കൂടുകയായിരുന്നു. ബുധനാഴ്ച മാത്രം രാജ്യത്ത് 13.14 ലക്ഷം ഡോസ് വാക്സിൻ നൽകി. മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് വാക്സിനേഷൻ കണക്ക് രേഖപ്പെടുത്തിയത്.
അതേസമയം ഇന്ത്യയിലെ കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനം അതിവേഗത്തിലാണെന്ന് വിദഗ്ധർ പറഞ്ഞു. കൗമാരക്കാർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്കും ഈ ഘട്ടത്തിൽ രോഗം വൻതോതിൽ ബാധിക്കുന്നുണ്ട്.
ജോലിസ്ഥലത്ത് വാക്സിനേഷൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂസൻ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിമാർക്കും കത്തുകൾ അയച്ചു. ജോലിസ്ഥലത്ത് വാക്സിനേഷൻ നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയവും നൽകി. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശപ്രകാരം 45 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാർക്ക് മാത്രമേ ജോലിസ്ഥലത്ത് വാക്സിനേഷൻ ലഭ്യമാകൂ.