ചെന്നൈ: യുട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അധിക്ഷേപിക്കുകയും പലരിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ തമിഴ് യുട്യൂബര്‍ 'പബ്‌ജി മദന്‍' എന്ന മദൻ മാണിക്യത്തിനെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തു.
ജൂൺ 18നാണ് ചെന്നൈ സൈബർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടർന്ന് പുഴൽ സെൻഡ്രൽ ജയിലിൽ റിമാൻഡിൽ കഴിയവേ ചൊവ്വാഴ്‌ചയാണ് പൊലീസ് കേസെടുത്തത്. ഗുണ്ടാ നിയമപ്രകാരം ഒരു വർഷമാണ് തടവ് ശിക്ഷ. നോട്ടീസ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പ്രതിക്ക് കോടതിയിൽ അപ്പീൽ നൽകാം.
സ്‌ത്രീകൾക്ക് നേരെ സഭ്യേതര പ്രയോഗങ്ങൾ
സിവിൽ എൻജിനീയറിങ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച ശേഷമാണ് മദൻ യട്യൂബ് ചാനൽ ആരംഭിക്കുന്നത്. ടോക്‌സിക് മദൻ 18+, മദൻ, റിച്ചി ഗേമിങ്, പബ്‌ജി മദൻ ഗേൾ ഫാൻ തുടങ്ങിയ യൂട്യൂബ് ചാനലുകൾ വഴി പബ്‌ജി കളിക്കുന്നതിന്‍റെ വീഡിയോകൾ പോസ്റ്റ് ചെയ്‌തിരുന്നു.
പബ്‌ജി കളിക്കുന്നത് അനധികൃതമായി
ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന പബ്‌ജി വിപിഎൻ സർവറുകൾ ഉപയോഗിച്ച് അനധികൃതമായാണ് കളിക്കുന്നത്. കളിക്കിടയിൽ അശ്ലീല പ്രയോഗങ്ങളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തിയാണ് ഇയാൾ പ്രസിദ്ധിയാർജിച്ചത്. തുടർന്ന് നിരവധി സ്ത്രീകളിൽ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യക്കെതിരെയും കേസ്
മദന്‍റെ ഭാര്യ കൃതികയെയും ജൂൺ 16ന് അറസ്റ്റ് ചെയ്യുകയും തുടർന്ന് ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. തനിക്കും ഭർത്താവിനുമെതിരെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ഗ്രേറ്റർ ചെന്നൈ സിറ്റി പൊലീസിന് കൃതിക പരാതി നൽകിയിട്ടുണ്ട്.
മദനെതിരെ നാല് പരാതികളാണ് നിലവിലുള്ളത്. എന്നാൽ 200ലധികം പരാതികൾ ഉണ്ടെന്ന് മാധ്യമങ്ങൾ ചിത്രീകരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കൂടാതെ നിലവിൽ പ്രചരിക്കുന്നത് പോലെ തങ്ങൾക്ക് ആഡംബര കാറുകളില്ലെന്നും ഓഡി6 കാർ മാത്രമാണുള്ളതെന്നും പരാതിയിലൂടെ കൃതിക വ്യക്തമാക്കി.
READ MORE: യുട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ യുട്യൂബര്‍ പബ്‌ജി മദന്‍ അറസ്റ്റില്‍
വിർദുനഗർ നിവാസിയുടെ പരാതിയെത്തുടർന്ന് ജൂൺ 16ന് മദനും കൃതികയ്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേരത്തേ ചുമത്തിയ ഐടി ആക്‌ട്, സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതിനെരായ നിയമം എന്നീ വകുപ്പുകൾക്ക് പുറമേയാണ് ഗുണ്ടാ നിയമം ചുമത്തി കേസെടുത്തിരിക്കുന്നത്.