ന്യൂഡൽഹി: ഗുജറാത്തിൽ 2002ലെ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന എട്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 മുതൽ 18 വരെ വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നാല് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി എട്ടു പ്രതികൾക്കും ജാമ്യം നൽകിയത്. കുറ്റകൃത്യത്തിൽ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇവരിൽ ഒരാളെ പിടികൂടുമ്പോൾ ഇയാളുടെ കൈവശം ഇരുമ്പ് പൈപ്പ് ഉണ്ടായിരുന്നു. മറ്റൊരാൾ അരിവാൾ പോലെ തോന്നിക്കുന്ന ആയുധം കൈവശം വച്ചിരുന്നു. മറ്റൊരു കുറ്റവാളി കോച്ച് കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ വാങ്ങുകയും സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്‌തു. അവസാനത്തെ കുറ്റവാളി യാത്രക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തുവെന്നും സോളിസിറ്റര്‍ ജനറൽ വ്യക്‌തമാക്കി.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ഫറൂക്കിന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 17 വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും തീവണ്ടിക്ക് നേരെ കല്ലെറിയുക മാത്രമാണ് പ്രതി ചെയ്‌തതെന്നും പരിഗണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.
തീവെച്ച് കൊലപ്പെടുത്തിയത് 58 പേരെ: 2002 ഫെബ്രുവരി 27 നാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയുണ്ടായത്. ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന്‍റെ എസ് 6 കോച്ചിലുണ്ടായ തീവയ്‌പ്പിൽ 58 പേരാണ് മരണപ്പെട്ടത്. അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ (ഹിന്ദു മത പ്രവർത്തകർ) സഞ്ചരിക്കുകയായിരുന്ന ട്രെയിനിലായിരുന്നു തീവച്ചത്.
വിഭജനത്തിന് ശേഷം ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ വർഗീയ കലാപങ്ങൾക്കാണ് ഈ സംഭവം തുടക്കം കുറിച്ചത്. കേസിൽ 2011 മാർച്ചിൽ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. അതിൽ 11 പ്രതികൾക്ക് വധശിക്ഷയും ബാക്കി 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. മറ്റ് 63 പ്രതികളെ വെറുതെ വിട്ടു. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തിരുന്നു.
ഗുജറാത്തിനെ ഞെട്ടിച്ച കലാപങ്ങൾ: ഇതിന് പിന്നാലെ നടന്ന നരോദ ഗാം കൂട്ടക്കൊലയിലെ പ്രതികളെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ സ്‌പെഷ്യൽ കോടതി വെറുതെ വിട്ടിരുന്നു. ഗുജറാത്തിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ മായ കൊട്‌നാനി ഉൾപ്പെടെ 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
11 മുസ്‌ലിങ്ങളെയായിരുന്നു നരോദ ഗാമിൽ തീവച്ച് കൊന്നത്. 86 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇതിൽ 17 പേരെ വിചാരണയുടെ ഘട്ടത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിചാരണ നേരിട്ട ബാക്കി 68 പ്രതികളെയാണ് സുപ്രീം കോടതി ഇപ്പോൾ വെറുതെ വിട്ടത്.