പനാജി: ഗോവയില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. അതേസമയം പരിശോധനകളുടെ എണ്ണം വർധിച്ചതിനാലാണ് ഗോവയിൽ കേസുകൾ കൂടിയതെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ കൊവിഡ് മരണ നിരക്കും വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 26 പേര്‍ മരിക്കുകയും 1,160 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനുകാരണം രോഗികളുടെ അശ്രദ്ധയാണെന്നും കൃത്യ സമയത്ത് ചികിത്സ തേടാന്‍ വൈകുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗോവയിലെ നിലവിലെ കൊവിഡ് സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു. കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കാരണം ലോക്ക്ഡൗണിലേക്ക് പോകില്ല. പ്രധാനമന്ത്രി പറഞ്ഞതുപോലെ ലോക്ക്ഡൗൺ അവസാന മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.