പനാജി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗോവയിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന അനിശ്ചിതത്വം നിലനിൽക്കെ, ബിജെപിയുടെ മുതിർന്ന നേതാവ് വിശ്വജിത് റാണെ ശനിയാഴ്‌ച ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്‌ച നടത്തി. ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ച റാണെ, കൂടിക്കാഴ്‌ച രാഷ്‌ട്രീയപരമല്ലെന്നും വ്യക്തിപരമായ സന്ദർശനമാണെന്നും വ്യക്തമാക്കി.
'ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. വ്യക്തിപരമായ സന്ദർശനമായിരുന്നു, അതിൽ രാഷ്ട്രീയമൊന്നുമില്ല. അവസാനമായി അദ്ദേഹം എന്‍റെ മണ്ഡലത്തിൽ വന്നപ്പോൾ കാണാൻ കഴിഞ്ഞില്ല. അതിനാലാണ് ഇപ്പോൾ സന്ദർശനം നടത്തിയത്'- റാണെ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, പ്രമോദ് സാവന്ത് ഗോവയുടെ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന് തനിക്ക് പ്രവചിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതികരിച്ചത്.
40 അംഗ ഗോവ നിയമസഭയിൽ 20 സീറ്റുകൾ നേടിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവുണ്ടായെങ്കിലും മഹാരാഷ്‌ട്രവാദി ഗോമന്തകിന്‍റെയും (എംജിപി) സ്വതന്ത്ര സ്ഥാനാർഥികളുടെയും സഹായത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള ഒരുക്കത്തിലാണ്.
ALSO READ:രാജ്യത്തെ എല്ലാ മതേതര, പ്രാദേശിക പാർട്ടികളും ഒന്നിക്കണം : എച്ച്ഡി ദേവഗൗഡ