പനാജി: ഗോവൻ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളിൽ നിന്ന് സത്യവാങ്‌മൂലം വാങ്ങി ആംആദ്‌മി പാർട്ടി. തെരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയോട് വിശ്വാസ്യത പുലർത്തുമെന്ന സത്യവാങ്‌മൂലം പാർട്ടി സ്ഥാനാർഥികളിൽ നിന്ന് വാങ്ങുകയും ജനങ്ങൾക്ക് മുന്നിൽ പ്രതിജ്ഞയെടുപ്പിക്കുകയുമായിരുന്നു. പനാജിയിൽ നടന്ന പ്രചരണ ചടങ്ങിൽ അരവിന്ദ് കെജ്‌രിവാളും സന്നിഹിതനായിരുന്നു.
മറ്റു രാഷ്‌ട്രീയ പാർട്ടികളുടെയോ, പ്രവർത്തകരുടെയോ മുന്നിൽ തലകുനിക്കില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നുമായിരുന്നു സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞ. ആംആദ്‌മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് എംഎൽഎ ആകുന്നവർ പാർട്ടിയോടും ജനങ്ങളോടും എപ്പോഴും വിശ്വാസ്യത പുലർത്തുന്നവരായിക്കണമെന്നും മറ്റ് സ്ഥാനാർഥികളെപ്പോലെ കൂറു മാറേണ്ട അവസ്ഥ സൃഷ്‌ടിക്കപ്പെടാതിരിക്കാനുമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം ഒരു ചടങ്ങെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
അതേ സമയം സ്ഥാനാർഥികളുടെ ഈ സത്യവാങ്‌മൂലം ഓരോ വോട്ടർമാരിലേക്കും എത്തിക്കുമെന്നും പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്നും ആംആദ്‌മി മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ പറഞ്ഞു.
ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40 നിയമസഭ മണ്ഡലങ്ങളിൽ നിന്നായി 301 പേരാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി, ആംആദ്‌മി ഒറ്റക്കും കോൺഗ്രസ് ഫോർവേഡ് പാർട്ടിയുമായും തൃണമൂൽ കോൺഗ്രസ് മഹാരാഷ്‌ട്രവാദ് ഗോമന്തക് പാർട്ടിയുമായി സഖ്യത്തിലുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ALSO READ: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രിയങ്ക ഗാന്ധി