ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം റാങ്കിലേക്ക് കൂപ്പുകുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യത്തില്‍ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ആർഎസ്എസ് - ബിജെപി ശ്രമം. എന്നാല്‍ ഇതുകേട്ടാല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രിമാരും പറയും ഇന്ത്യയിൽ പട്ടിണി വര്‍ധിക്കുന്നില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിശക്കുന്നില്ലെന്നും, ട്വീറ്റ് ചെയ്‌ത് രാഹുല്‍ പരിഹസിച്ചു.
''പട്ടിണിയിലും പോഷകാഹാരക്കുറവിലും 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാമതാണ്. യാഥാർഥ്യത്തില്‍ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ ദുർബലപ്പെടുത്തി ആർഎസ്എസും ബിജെപിയും എത്രനാള്‍ മുന്നോട്ടുപോവും'', രാഹുല്‍ ഹിന്ദിയില്‍ കുറിച്ചു. പട്ടിണിയും പോഷകാഹാര കുറവും അനുഭവിക്കുന്നവരുടെ എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ നേരത്തേ 101-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ റിപ്പോര്‍ട്ടില്‍ 107-ാമതാണുള്ളത്. 121 രാജ്യങ്ങളാണ് ആകെ പട്ടികയിലുള്ളത്. 2000ത്തില്‍ 38.8 സ്കോറായിരുന്നു രാജ്യം നേടിയിരുന്നത്.