ഹൈദരാബാദ്: സ്വകാര്യ ചില്‍ഡ്രന്‍സ് ഹോമില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. നെറെഡ്‌മീറ്റില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ചില്‍ഡ്രന്‍സ് ഹോമിന്‍റെ അഡ്‌മിനിസ്ട്രേറ്ററാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ അഡ്‌മിനിസ്ട്രേറ്റര്‍ മുരളി, സഹായി വിക്‌ടര്‍, വിക്‌ടറിന്‍റെ ഭാര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മുരളിക്കെതിരെ പോക്‌സോ, എസ്‌സി, എസ്‌ടി ബലാത്സംഗ നിയമപ്രകാരവും വിക്‌ടറിനും ഭാര്യയ്‌ക്കും എതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ സഖി സെന്‍റര്‍ അധികൃതരോട് വിവരം പറഞ്ഞപ്പോഴാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ ക്രൂരത പുറത്തറിഞ്ഞത്. പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്‌തത്.
ഈ മാസം 19നാണ് നാലു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ സംഗറെഡിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പെണ്‍കുട്ടികള്‍ സെക്കന്തരാബാദില്‍ എത്തിയപ്പോള്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ മടങ്ങി. വിവരം അറിഞ്ഞ് വനിത ശിശുക്ഷേമ വകുപ്പ് അധികൃതരും സഖി സെന്‍റര്‍ അധികൃതരും ചില്‍ഡ്രന്‍സ് ഹോമില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടികളോട് കാര്യങ്ങള്‍ തിരക്കി.
അപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞത്. ഒരു പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ വച്ചും അടുത്ത പെണ്‍കുട്ടിയെ പുറത്തുവച്ചും മുരളി പീഡനത്തിനിരയാക്കി എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കി സഖി സെന്‍ററിലേക്ക് മാറ്റി.
സംഗറെഡിയിലെത്തിയ പെണ്‍കുട്ടികളെ കണ്ടെത്തി ഹൈദരാബാദിലേക്കും മാറ്റി. ചില്‍ഡ്രന്‍സ് ഹോമിലെ മറ്റു പെണ്‍കുട്ടികളെയും യുവതികളെയും സർക്കാർ ക്ഷേമ ഹോസ്റ്റലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വനിത ശിശുക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ചില്‍ഡ്രന്‍സ് ഹോം സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
10നും 25നും ഇടയില്‍ പ്രായമുള്ള 36 പേരാണ് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തോളമായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.