ബദ്‌ലാപൂർ: വിവാഹ വാഗ്‌ദാനം പീഡനത്തിനിരയാക്കിയ ശേഷം കാമുകൻ വഞ്ചിക്കുകയാണെന്നറിഞ്ഞ വിഷമത്തിൽ വിഷം കഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ച് പെണ്‍കുട്ടി. മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂർ ഈസ്റ്റിലാണ് സംഭവം. പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ഉല്ലാസ് നഗറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാമുകനായ മഹേന്ദ്ര വസന്ത് ബോയറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബദ്‌ലാപൂർ ഈസ്റ്റിലെ ഖർവായ് പ്രദേശത്തെ താമസക്കാരിയാണ് പെണ്‍കുട്ടി. ഇവർ നേരത്തെ കുടുംബത്തോടെ ഉല്ലാസ് നഗറിലെ മനേരെ ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. 2017ലാണ് പ്രദേശവാസിയായ മഹേന്ദ്രയുമായി പെണ്‍കുട്ടി പ്രണയത്തിലാകുന്നത്. ഇതിനിടെ ഇയാൾ പ്രണയം മുതലെടുത്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. ഇതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു.
എന്നാൽ 2022 ഏപ്രിൽ മുതൽ ഇരുവരും വീണ്ടും അടുത്തു. പിന്നാലെ ഇയാൾ നടക്കാൻ പോകാൻ എന്ന വ്യാജേന പെണ്‍കുട്ടിയെ കാറിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ പെണ്‍കുട്ടിയെ വിവാഹം കഴിക്കാം എന്ന് വാഗ്‌ദാനവും പ്രതി നൽകി. തുടർന്ന് പലതവണ ഇയാൾ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി.
ഇതിനിടെ വീണ്ടും താൻ ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നാലെ മാനസിക പിരിമുറുക്കത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനായി ഓണ്‍ലൈനിൽ നിന്ന് വിഷം വാങ്ങി കൈയിൽ കരുതി. ഇതിനിടെ പ്രതി സംസാരിക്കാൻ എന്ന വ്യാജേന പെണ്‍കുട്ടിയെ വീണ്ടും കാറിൽ കൂട്ടികൊണ്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
ഇതിനിടെ പെണ്‍കുട്ടി കാറിൽ വച്ച് കൈയിൽ കരുതിയിരുന്ന വിഷം കുടിക്കുകയായിരുന്നു. പിന്നാലെ അവശനിലയിലായ പെണ്‍കുട്ടിയെ ഇയാൾ തിരികെ വീട്ടിൽ ഇറക്കിവിട്ടു. വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യ നില വിഷളാവുകയും വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് പൊലീസിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം പെണ്‍കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.