അമരാവതി : എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിനിയെ യുവാവ് കുത്തി കൊലപ്പെടുത്തി.ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയോട് വാഹനത്തില്‍ കയറാൻ ആവശ്യപ്പെട്ടു.
വിസമ്മതിച്ച പെൺകുട്ടിയുമായി ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും കഴുത്തിലും വയറിലും കുത്തുകയുമായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.
സിസിടിവി ദൃശ്യങ്ങളുടെയും നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായതെന്ന് ഡിജിപി ഡി.ജി സവാങ് അറിയിച്ചു.
അതേസമയം സംഭവത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡി പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
ഇത്തരത്തിലുള്ള ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്ന മനോരോഗികള്‍ക്ക് തൂക്കുകയറായിരിക്കണം ശിക്ഷയെന്നായിരുന്നു ആഭ്യന്തരമന്ത്രി മെഖാതോതി സുചാരിതയുടെ പ്രതികരണം.
കൂടുതൽ തെളിവുകൾ ലഭിക്കാന്‍ പെൺകുട്ടിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുമെന്നും ആന്ധ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
'സർക്കാരിന്‍റെ പരാജയം'
കൊലപാതകം ദാരുണമാണെന്നും വിഷമമുണ്ടാക്കുന്നതാണെന്നും ജനസേവ അധ്യക്ഷൻ കെ പവൻ കല്യാൺ പറഞ്ഞു.
ഇത്തരം ആക്രമണങ്ങൾ സർക്കാരിന്‍റെ പരാജയമാണ് കാണിക്കുന്നത്. സ്‌ത്രീസുരക്ഷയുടെ കാര്യത്തിൽ സർക്കാരിന് ആത്മാർഥതയില്ലെന്നും കല്യാൺ കുറ്റപ്പെടുത്തി.
ALSO READ: രാഹുൽ ഗാന്ധിക്ക് പിന്നാലെ 5 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍