സോലാപൂര്‍ (മഹാരാഷ്‌ട്ര) : പ്രണയ വിവാഹത്തിന് തടസം നിന്ന പിതാവിനെ അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി യുവതി. പിതാവിന്‍റെ കാലുകള്‍ വെട്ടാനായി യുവതി നാലുപേര്‍ക്ക് 60,000 രൂപ നല്‍കിയതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ യുവതിയേയും കാമുകനെയും യുവതിയില്‍ നിന്ന് പണം കൈപ്പറ്റിയ നാലുപേരെയും അറസ്റ്റ് ചെയ്‌തതായി മാധ പൊലീസ് ഇന്നലെ (ഓഗസ്റ്റ് 9) അറിയിച്ചു.
വ്യാപാരിയായ മഹേന്ദ്ര ഷായെ അപായപ്പെടുത്താനാണ് മകള്‍ സാക്ഷി ഷാ ക്വട്ടേഷന്‍ നല്‍കിയത്. മഹാരാഷ്‌ട്ര വടച്ചി വാഡിയിലാണ് സംഭവം. സാക്ഷിയില്‍ നിന്ന് പണം ലഭിച്ചതിന് പിന്നാലെ നാലുപേരടങ്ങുന്ന സംഘം മഹേന്ദ്ര ഷായെ മര്‍ദിക്കുകയുണ്ടായി. പൂനെയിലായിരുന്ന സാക്ഷി ഓഗസ്റ്റ് ഏഴിനാണ് മടങ്ങിയെത്തിയത്. മകളെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൂട്ടാനായി മഹേന്ദ്ര ഷാ കാറുമായി എത്തിയിരുന്നു. സാക്ഷിയേയും കൂട്ടി വീട്ടിലേക്ക് മടങ്ങും വഴി തനിക്ക് ശുചിമുറിയില്‍ പോകണം എന്ന് സാക്ഷി പറഞ്ഞു.
മഹേന്ദ്ര ഷാ കാര്‍ നിര്‍ത്തുകയും സാക്ഷി ശുചിമുറിയിലേക്ക് പോകുകയും ചെയ്‌തു. മഹേന്ദ്ര ഷാ കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. ഈ സമയം സാക്ഷിയില്‍ നിന്ന് പണം കൈപ്പറ്റിയ നാലംഗ സംഘം കാറിനടുത്തെത്തി മഹേന്ദ്ര ഷായെ മര്‍ദിച്ചു. റോഡിലൂടെ മറ്റ് യാത്രക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുവഴി എത്തിയ വഴിയാത്രക്കാരാണ് മഹേന്ദ്രയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.
മഹേന്ദ്ര ഷായുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തില്‍ സാക്ഷി ഷാ, കാമുകന്‍ ചൈതന്യ, നാലു പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം എന്നിവരെ അറസ്റ്റ് ചെയ്‌തു.
മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി പിതാവ് : ഇക്കഴിഞ്ഞ ഡിസംബറില്‍ വാടകകൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയിലായിരുന്നു. കര്‍ണാടകയിലെ ഹുബള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ പ്രമുഖ സംരംഭകന്‍ ഭരത് ജെയിനാണ് മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
ഇയാളുടെ മകന്‍ അഖില്‍ ജെയിനെ(30) കാണാതായി എന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, മകനെ താന്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയെന്ന് ഭരത് ജെയിന്‍ സമ്മതിച്ചത്. അഖില്‍ ജെയിനെ കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ നിരവധി ദുശീലങ്ങള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇക്കാരണത്താല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് ഇയാളോട് വെറുപ്പായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അഖിലിന്‍റെ ഉള്‍പ്പെടെ കുടുംബത്തിലുള്ളവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഖിലിന്‍റെ പിതാവിന് പ്രദേശത്തെ കുപ്രസിദ്ധ വാടക കൊലയാളികളുമായി ബന്ധമുണ്ടായിരുന്നു എന്നും അഖില്‍ കാണാതാവുന്നതിന് മുമ്പ് പിതാവ് ഭരത് നിരന്തരം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത് താനാണെന്ന് ഭരത് കുറ്റസമ്മതം നടത്തി. ഭരതിന്‍റെ മൊഴി അനുസരിച്ച് വാടക കൊലയാളി സംഘത്തില്‍പ്പെട്ട രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചിരുന്നു.