ന്യൂഡല്‍ഹി : പുതുവര്‍ഷപ്പുലരിയില്‍ ഡല്‍ഹിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കാറിന്‍റെ ചക്രത്തില്‍ പെണ്‍കുട്ടിയുടെ വസ്‌ത്രം കുടുങ്ങുകയും കിലോമീറ്ററുകളോളം പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍ മുന്നോട്ടുപോവുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
വസ്‌ത്രങ്ങള്‍ കീറി അര്‍ധ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ആദ്യം ബലാത്സംഗ കൊലപാതകമാണെന്ന് സംശയിച്ച പൊലീസ് വിശദമായ പരിശോധനയില്‍ അപകടമാണെന്നും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാര്‍ വളരെ ദൂരം മുന്നോട്ടുപോയതാണെന്നും കണ്ടെത്തി.ഞായറാഴ്ച പുലര്‍ച്ചെ 3.24 ഓടെയാണ് തങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
'പെണ്‍കുട്ടിയുടെ ശരീരം കാറില്‍ കെട്ടി വലിച്ച് കൊണ്ടുപോവുകയാണ് എന്നാണ് ഫോണ്‍ ചെയ്‌ത ആള്‍ നല്‍കിയ വിവരം. കാഞ്ജവാല പൊലീസ് വിവരം നല്‍കിയ ആളെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ചാര നിറത്തിലുള്ള ബലേനോ കാറാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞു' - പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിവരം ലഭിച്ച ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി. പിക്കറ്റുകളില്‍ വിന്യസിച്ചിരുന്ന പൊലീസുകാരെയും സംഭവം അറിയിച്ചു. വാഹനം തിരയാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. 4.11 ഓടെ മൃതദേഹം കാഞ്ജവാല പ്രദേശത്ത് കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.
രോഹിണി ജില്ലയിലെ ക്രൈം ടീം ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം മംഗോൾപുരിയിലെ എസ്‌ജിഎം ആശുപത്രിയിലേക്ക് അയക്കുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറും വാഹനത്തില്‍ ഉണ്ടായിരുന്നവരെയും കണ്ടെത്തി. കാര്‍ പിഎസ് സുല്‍ത്താന്‍പുരിയില്‍ വച്ച് അപകടത്തില്‍പ്പെട്ടതായി വാഹനത്തിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.
പിഎസ് സുല്‍ത്താന്‍പുരിയില്‍ പട്രോളിങ് നടത്തിയിരുന്ന പൊലീസുകാര്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. സ്‌കൂട്ടറിന്‍റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം, മരിച്ച പെണ്‍കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഏറെ ദൂരം വലിച്ചിഴച്ച് കാര്‍ മുന്നോട്ടുപോയതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ദീപക് ഖന്ന, അമിത് ഖന്ന, കൃഷൻ, മിത്തു, മനോജ് മിത്തൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.