ചിറ്റൂർ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മന്ത്രിയുടെ മകളെ ക്ലാസില്‍ ഒന്നാമാതാക്കാന്‍ വേണ്ടി ഒന്നാം റാങ്കുണ്ടായിരുന്ന വിദ്യാര്‍ഥിയെ പുറത്താക്കി. ഇതില്‍ മനംനൊന്ത് പ്രസ്‌തുത വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. പലമനേർ ഗംഗാവരത്തുള്ള സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മിസ്‌ബയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിദ്യാര്‍ഥിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സഹപാഠിയും മന്ത്രി പുത്രിയുമായ വിദ്യാര്‍ഥിയെ ഒന്നാമതാക്കാന്‍ മിസ്‌ബയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്‌ബയെ ടിസി നല്‍കി പുറത്താക്കുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
പൊതു പരീക്ഷയ്ക്ക് ഒരു മാസം മുന്‍പാണ് വിദ്യാര്‍ഥിയെ പുറത്താക്കിയത്. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്ന് മിസ്‌ബ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉന്തുവണ്ടിയില്‍ സോഡ വിറ്റാണ്, ന്യൂനപക്ഷ വിഭാഗക്കാരായ മിസ്‌ബയുടെ കുടുംബം ജീവിയ്ക്കുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മിസ്‌ബയെ ചിറ്റൂരിലെ ഗംഗാവരത്തുള്ള സ്വകാര്യ സ്‌കൂളില്‍ അച്ഛന്‍ ചേര്‍ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ചിറ്റൂര്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ സ്വകാര്യ സ്‌കൂള്‍ കറസ്‌പോണ്ടന്‍റായ രമേശിനെ സസ്‌പെന്‍ഡ് ചെയ്‌തു.