ലണ്ടൻ : കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് സൗരവ് ഗാംഗുലി. ഇന്ത്യക്കായി വളരെ കുറച്ച് താരങ്ങൾ മാത്രമാണ് 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളൂവെന്നും ഈ നേട്ടം പിന്നിടുന്നതില്‍ കോലി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്കായി 11 താരങ്ങൾ മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂർത്തിയാക്കിയിട്ടുള്ളത്.
വെള്ളിയാഴ്‌ച മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്. ഏഴ് വർഷത്തിന് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്. ഏകദിന ക്യാപ്റ്റന്‍സിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ കോട്ടം വരുത്തിയിരുന്നു.
വിരാട് കോലിയെ 100 ടെസ്റ്റ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കോലി അപൂർവ നാഴികക്കല്ല് പിന്നിടുന്നത് കാണാനായി താന്‍ മൊഹാലിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ വളരെ കുറച്ച് താരങ്ങൾ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കോലി മികച്ച കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണ്.
2008-ൽ ഞാൻ വിരമിച്ച അതേ വർഷം തന്നെയാണ് കോലി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ടുതന്നെ ഒരുമിച്ച് കളിക്കാനായില്ല. എങ്കിലും കോലിയെന്ന താരത്തെ ഞാൻ നിരീക്ഷിക്കാറുണ്ട്. സച്ചിന്‍റെ പിന്‍ഗാമിയെന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുണ്ട്.
ALSO READ: ബിസിസിഐ പ്രതിഫല കരാര്‍: രഹാനെയുടെയും പൂജാരയുടെയും ഗ്രേഡ് താഴ്ത്തി
കോലിയുടെ ബാറ്റിംഗ് ശൈലി, ഫൂട്ട്‌വര്‍ക്ക്, ബാലന്‍സ് എല്ലാം മികച്ചതാണ്. സമ്മർദ സാഹചര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതും എനിക്കിഷ്‌ടമാണ്. 2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിച്ച താരം മികച്ച പ്രകടനത്തിനവുമായി തിരിച്ചുവന്നു. അതിനുശേഷമുളള അഞ്ച് വര്‍ഷം കോലിയുടെ കരിയറില്‍ തന്നെ മികച്ച പ്രകടനമായിരുന്നു. 2002 മുതല്‍ 2005വരെ ദ്രാവിഡിനും കരിയറില്‍ മോശം സമയമായിരുന്നു. പക്ഷേ അതിനുശേഷം അദ്ദേഹം തിരിച്ചുവന്നു.
രണ്ട് വർഷത്തിലേറെയായി കോലി സെഞ്ചുറി നേടിയിട്ടില്ലായിരിക്കാം. സെഞ്ചുറിയോടെ ഈ പ്രതിസന്ധിഘട്ടം മറികടക്കാൻ കോലിക്കാവും. എങ്ങനെ സെഞ്ചുറി നേടണമെന്ന് കോലിക്ക് നന്നായിട്ടറിയാം. അല്ലെങ്കില്‍ അദ്ദേഹം 70 രാജ്യാന്തര സെഞ്ചുറികള്‍ നേടില്ലായിരുന്നു' - ഗാംഗുലി പറഞ്ഞു.