ചണ്ഡിഗഡ് : പ്രശസ്‌ത പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല കൊലക്കേസിലെ പ്രതി ദീപക് ടിനു പഞ്ചാബ് പൊലീസിന്‍റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്‌ച രാത്രിയാണ് ദീപക് ടിനു രക്ഷപ്പെട്ടത്. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയ്‌യുടെ അടുത്ത സഹായിയാണ് ദീപക് ടിനു.
സംഭവത്തെ തുടർന്ന് ദീപക്കിന്‍റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന സിഐഎ ഇൻചാർജിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ആർട്ടിക്കിൾ 311 പ്രകാരമാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. പ്രതിയെ വീണ്ടും പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
മൂസേവാല കൊലക്കേസിൽ ടിനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാൻസ ടൗണിലെ ജയിലിൽ നിന്ന് ശനിയാഴ്‌ച രാത്രി സ്വകാര്യ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. സിഐഎ ഇൻചാർജ് മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ടിനുവിനെ കൈവിലങ്ങ് ധരിപ്പിക്കുകയോ മറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുകയോ ചെയ്‌തിരുന്നില്ല. ഒരാളുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് വേണ്ടിയാണ് ഇയാളെ ജയിലിൽ നിന്ന് പുറത്തുകൊണ്ടുവന്നത്.
മൂസേവാല കൊലക്കേസിൽ അറസ്റ്റിലായ ടിനുവിനെ ജൂലൈ നാലിനാണ് ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും പഞ്ചാബ് പൊലീസ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. സർവീസിൽ നിന്നും പിരിച്ചുവിട്ട സിഐഎ ഉദ്യോഗസ്ഥന് കൊലക്കേസ് പ്രതികളുമായി ബന്ധമുള്ളതായി സംശയിക്കുന്നു.
ഇയാളെ എന്തിനാണ് അർധരാത്രി ജയിലിൽ നിന്ന് പുറത്തിറക്കിയതെന്നോ ആരെ കാണാനാണ് കൊണ്ടുപോയതെന്നോ ഇപ്പോഴും വ്യക്തമല്ല. ഇയാളെ പിടികൂടാൻ രാജസ്ഥാൻ-പഞ്ചാബ് അതിർത്തിയിൽ വൻ തിരച്ചിൽ ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജയിലുകളിൽ ഗുണ്ടാസംഘങ്ങൾക്ക് പ്രത്യേക പരിഗണന നൽകുകയാണെന്ന് മൂസേവാലയുടെ അമ്മ ചരൺ കൗർ കുറ്റപ്പെടുത്തി. പ്രതി രക്ഷപ്പെട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. മെയ് 29ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വച്ചാണ് ആറ് പേർ ചേർന്ന് സിദ്ദു മൂസേവാലയെ വെടിവച്ച് കൊന്നത്.