ന്യൂഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഐപിഎല്‍ മത്സരത്തിനിടെ വാതുവയ്‌പ്പ് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ആകാശ് എന്ന അക്കി, വിശാല്‍ ഗുപ്‌ത എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഡല്‍ഹി പൊലീസ് നര്‍ക്കോട്ടിക് സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഐപിഎല്‍ മത്സരങ്ങളില്‍ രണ്ട് പേര്‍ വാതുവയ്‌പ്പ് നടത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തു.
പബ്ലിക് ഗാംബ്ലിങ് നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മെയ് എഴിന് ദക്ഷിണപുരി അംബേദ്‌കര്‍ നഗര്‍ ഏരിയയില്‍ ഐപിഎല്‍ നടക്കവേ തങ്ങള്‍ക്ക് വാതുവയ്‌പ്പ് നടക്കുന്നതിനെ കുറിച്ച് വിവരം ലഭിച്ചു. ഉടന്‍ തന്നെ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഡിസിപി സൗത്ത് ചന്ദൻ ചൗധരി പറഞ്ഞു.
അറസ്റ്റിലായ പ്രതികള്‍ വിവിധ ഓണ്‍ലൈന്‍ വാതുവയ്‌പ്പ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും ചെയ്‌തതായി കണ്ടെത്തിയെന്നും ഡിസിപി സൗത്ത് ചന്ദൻ ചൗധരി പറഞ്ഞു.