ഭോപ്പാൽ: രാജ്യത്തുടനീളം ഇന്ധന വില കുതിച്ചുയരുന്നതിനിടെ മധ്യപ്രദേശിൽ പെട്രോൾ റെക്കോഡ് വിലയിലേക്കെത്തി. മധ്യപ്രദേശിലെ അൻപുർ ജില്ലയിൽ പെട്രോൾ ലിറ്ററിന് 113.10 രൂപയും ഡീസലിന് 101.35 രൂപയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും ഏറ്റവും ഉയർന്ന വിലയാണിത്.
സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ വർധനയുണ്ടായിട്ടുണ്ട്. തലസ്ഥാന നഗരമായ ഭോപ്പാലിൽ പെട്രോളിന് 110.27 രൂപയും ഡീസലിന് ലിറ്ററിന് 98.72 രൂപയുമാണ്. മധ്യപ്രദേശിൽ പെട്രോളിന് 33 ശതമാനം നികുതിയാണ് ചുമത്തുന്നത്. കൂടാതെ സെസ്സും ഈടാക്കുന്നുണ്ട്. നിലവിൽ പെട്രോളിന് ലിറ്ററിന് 4.50 രൂപയാണ് സെസ്സ് ലഭിക്കുന്നത്. ഡീസലിന് സംസ്ഥാനത്ത് 23 ശതമാനമാണ് നികുതി.
ചില്ലറ വിൽപ്പന വിലയിൽ പെട്രോളിന്‍റെ 60 ശതമാനവും ഡീസലിന്‍റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ കേന്ദ്രം ഈടാക്കുന്നത്. കൂടാതെ ചരക്ക് കൂലി പോലുള്ള പ്രാദേശിക നികുതികൾ കാരണവും സംസ്ഥാനങ്ങളിലെ ഇന്ധന വിലയിലെ വ്യത്യാസം സംഭവിക്കുന്നുണ്ട്.
സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിലെ ഇന്ധന വില
നഗരം | പെട്രോൾ വില | ഡീസൽ വില |
ഭോപ്പാൽ | Rs. 110.27 | Rs. 98.72 |
ഇൻഡോർ | Rs. 110.05 | Rs. 98.83 |
ഗ്വാളിയർ | Rs. 110.40 | Rs. 99.13 |
ജയ്‌പുർ | Rs. 110.06 | Rs. 98.56 |
അൻപുർ | Rs. 113.10 | Rs. 101.35 |