ചെന്നൈ: സമൂഹത്തിന്‍റെ അവഗണനകളില്‍ തളരാതെ ഉറച്ച മനസോടെയുള്ള പോരാട്ടത്തിലായിരുന്നു ഒരുകൂട്ടം ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍. അവരുടെ ആ പോരാട്ടം ഫലം കണ്ടതിന്‍റെ തെളിവാണ് 'ചെന്നൈ ട്രാൻസ് കിച്ചന്‍'. ഉപജീവനത്തിനായി മറ്റുള്ളവരുടെ ദയയ്‌ക്ക് കാത്തുനില്‍ക്കാതെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തുക എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനാണ് അവര്‍ ഈ രംഗത്തേക്ക് കാലെടുത്തുവച്ചിരിക്കുന്നത്.
ട്രാൻസ്‌മെൻ വിഭാഗത്തിലെ അഞ്ച് പേര്‍, ട്രാൻസ്‌വുമൺ വിഭാഗത്തിലെ അഞ്ച് പേര്‍ എന്നിവരടങ്ങുന്ന ഒരു സംഘമാണ് 'ചെന്നൈ ട്രാൻസ് കിച്ചൻ' റെസ്റ്റോറന്‍റിന്‍റെ പിന്നില്‍. യുണൈറ്റഡ് വേ ചെന്നൈ എന്ന എൻജിഒയുടെ പിന്തുണയോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ചെന്നൈ നഗരത്തിലുള്ള കൊളത്തൂരിലെ ജികെഎം കോളനിയിലെ 25-ാം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്‍റില്‍ രാവിലെ, ഉച്ച, രാത്രി എന്നിങ്ങനെ മൂന്ന് നേരത്തേയ്‌ക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
രൂചിപ്പെരുമ വിളിച്ചോതുന്ന മീന്‍ കറിയും ബിരിയാണിയും കടയിലെ പ്രധാന ആകര്‍ഷണമാണ്. ഭക്ഷണം പാകം ചെയ്യാന്‍ താത്‌പര്യമുള്ള ട്രാൻസ്‌ജെൻഡർമാരെ തെരഞ്ഞെടുത്ത് മൂന്ന് മാസത്തേക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. പരീശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ ഭക്ഷണശാലയുടെ ഭാഗമായത്. ഇതിനായി സെയ്‌ദാപേട്ടയിൽ പ്രത്യേക പരിശീലന ക്ലാസും നല്‍കിയിരുന്നു.
ലക്ഷ്യം സ്വതന്ത്രരാവാന്‍...: 'കഴിഞ്ഞ തലമുറ വരെ, ഒരു ട്രാൻസ്‌ജെൻഡർ കുഞ്ഞ് ജനിക്കുമ്പോൾ കുടുംബം ഒപ്പം നിര്‍ത്തുകയോ പരിപാലിക്കുകയോ ചെയ്യുന്നതില്‍ വിമുഖത കാണിച്ചിരുന്നു. പഠനവും തൊഴിലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടെങ്കില്‍ പോലും ആരും ജോലിക്ക് വയ്‌ക്കാന്‍ താത്‌പര്യപ്പെട്ടിരുന്നില്ല. എന്നിരുന്നാലും, വർഷങ്ങൾ കടന്നുപോകവെ കാര്യങ്ങൾ മാറിത്തുടങ്ങിയിട്ടുണ്ട്. പുതിയ കാലത്തിന്‍റെ പ്രഭാതമാണ് വന്നിരിക്കുന്നത്'. - ചെന്നൈയിലെ ട്രാൻസ്‌പേഴ്‌സൺ റൈറ്റ്‌സ് അസോസിയേഷൻ സ്ഥാപകയും ഡയറക്‌ടറുമായ ജീവ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
ഇത്തരത്തില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതോടെ ട്രാന്‍സ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് സ്വതന്ത്രരാകാനും ഭാവിയിൽ ഈ വിഭാത്തില്‍ ഉള്ളവര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും വഴിയൊരുക്കുമെന്ന് ജീവ ചൂണ്ടിക്കാട്ടി. 'കോയമ്പത്തൂർ, മധുര നഗരങ്ങളിലാണ് ആദ്യം ട്രാൻസ് കിച്ചൻ ഉണ്ടായിരുന്നത്. ട്രാൻസ്‌ജെൻഡർ എന്നാൽ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ മാത്രമാണെന്ന ജനങ്ങളുടെ കാഴ്‌ചപ്പാട് മാറ്റാനാണ് ഞങ്ങൾ ഈ സംരംഭത്തിലേക്ക് കടന്നത്. ഇപ്പോൾ ചെന്നൈയിൽ ഇത്തരത്തില്‍ ഒരു കട കൂടി ഞങ്ങൾക്ക് തുടങ്ങാനായി. 60 ട്രാൻസ് വ്യക്തികളെ ഞങ്ങൾ അതിനായി തെരഞ്ഞെടുത്തു. 60 പേരിൽ നിന്ന് 20 വിദഗ്‌ധരായ ആളുകളെയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. കൂടാതെ, റസ്‌റ്റോറന്‍റ് നടത്തുന്നതിന് 10 പേരെ കൂടി അധികം ചേര്‍ത്തു'- ജീവ വ്യക്തമാക്കി.
'ബഹുമാനം ലഭിക്കാന്‍ തുടങ്ങി': മികച്ച പാചകക്കാരായ നിരവധി ട്രാൻസ് വിഭാഗത്തിലുള്ളവര്‍ തങ്ങൾക്ക് ഒപ്പം ഉണ്ടെന്നും അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ജീവ പറയുന്നു. മറ്റൊരു ട്രാൻസ് വുമണായ താമരൈ സെൽവിയും ഇടിവി ഭാരത് പ്രതിനിധിയോട് പ്രതികരിച്ചു. താൻ ആദ്യകാലങ്ങളില്‍ കടകളിൽ പോയി പണപ്പിരിവ് നടത്താറുണ്ടായിരുന്നു. പിന്നീട് ട്രാൻസ്‌ജെൻഡറുകൾക്കായുള്ള പ്രത്യേക ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്‌തു. ശേഷം ഈ റെസ്റ്റോറന്‍റില്‍ അവസരം ലഭിച്ചു. ഇപ്പോള്‍ സമുഹത്തില്‍ തനിക്ക് നല്ല ബഹുമാനം ലഭിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.